കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് മരണപ്പെട്ടത്. 13 മലയാളികളെയാണ് നിലവിൽ തിരിച്ചറിഞ്ഞത്. അക്കൂട്ടത്തിൽ നോവായി മാറുകയാണ് ചങ്ങനാശേരി ഇത്തിത്താനം സ്വദേശിയായ 27കാരനായ ശ്രീഹരി. കഴിഞ്ഞ ആഴ്ചയാണ് ഒരുപാട് സ്വപ്നങ്ങളുമായി ശ്രീഹരി കുവൈത്തിലേയ്ക്ക് വിമാനം കയറിയത്.
കുവൈത്തിൽ എത്തിയതിന് ശേഷം ജൂൺ അഞ്ചിനാണ് മെക്കാനിക്കൽ എഞ്ചിനിയറായ ശ്രീഹരി ജോലിയിൽ പ്രവേശിച്ചത്. വളരെ സന്തോഷത്തോടെ ജോലിയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. ശ്രീഹരിയുടെ പിതാവ് പ്രദീപും കുവൈത്തിലാണ് ജോലി ചെയ്യുന്നത്. തൊഴിലാളി ക്യാമ്പിൽ തീപിടിച്ച വാർത്തയറിഞ്ഞ പ്രദീപ് മകനെ അന്വേഷിച്ച് അപകടസ്ഥലത്തേയ്ക്ക് ഓടിയെത്തിയെത്തിയെങ്കിലും ശ്രീഹരിയെ കണ്ടെത്താൻ സാധിച്ചില്ല.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം സ്ഥിരീകരിച്ചത്. തുടർന്ന് മകന്റെ വേർപാട് താങ്ങാൻ സാധിക്കാതികുന്ന പ്രദീപ് ഇക്കാര്യം ഇന്ന് രാവിലെ നാട്ടിലെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ശ്രീഹരി സന്തോഷത്തോടെ എല്ലാവരോടും യാത്രപറഞ്ഞ് പോയത് മരണത്തിലേയ്ക്കാണെന്ന് അറിഞ്ഞില്ലെന്നാണ് കുടുംബം വേദനയോടെ പറയുന്നത്.