കുവൈറ്റില്‍ പാര്‍ലെന്റ് തെരഞ്ഞെടുപ്പിനുളള പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചൂടേറി. സെപ്റ്റംബര്‍ 29 നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് 376 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചിട്ടുളളത്.
പത്രിക പിന്‍വലിക്കാന്‍ 22-ാം തീയതി വരെ സമയമുണ്ട്. സൂഷ്മ പരിശോധനകളും പുരോഗമിക്കുകയാണ്. എന്നാല്‍ അന്തിമ പട്ടിക വരും മുമ്പേ വോട്ടുറപ്പിക്കാനുളള നീക്കത്തിലാണ് സ്ഥാനാര്‍ത്ഥികൾ. നേരത്തെ പിരിച്ചുവിടപ്പെട്ട സഭയിലെ അംഗങ്ങളും മുന്‍ എംപിമാരും ഉൾപ്പെടെ മത്സര രംഗത്തുളളത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ വാശി വര്‍ദ്ധിപ്പിക്കുന്നതാണ്.
രാജ്യം നിര്‍ണായക ഘട്ടത്തിലാണെന്നാണ് വിലയിരുത്തലുകൾ. രാഷ്ട്രീയ സ്ഥിരതയും അടിസ്ഥാന പരിഷ്കാരങ്ങളും ലക്ഷ്യമിട്ട് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാണ് ഭൂരിപക്ഷ മുദ്രാവാക്യം. രണ്ടുവര്‍ഷം തികയുമ്പേഴേക്ക് മുന്‍ അംസംബ്ളി കുവൈറ്റ് അമീര്‍ പിരിച്ചുവിട്ടതാണ് പുതിയ തെരഞ്ഞെടുപ്പിന് വഴിവെച്ചത്.
സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഉടലെടുത്ത രൂക്ഷമായ തര്‍ക്കങ്ങളെ തുടര്‍ന്ന് ഭരണ പ്രതിസന്ധി നേരിട്ടതോടെയാണ് അസംബ്ളി പിരിച്ചുവിട്ടത്. പിന്നീട് പുതിയ പ്രധാനമന്ത്രിയായി ശൈഖ് അഹമ്മദ് നവാഫ് അല്‍ അഹമ്മദ് ചുമതലയേറ്റിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നോട്ട് പോകുന്നത്.