ഓരോ വ്യക്തിയ്ക്കും അവരവരുടേതായ സ്വകാര്യതയുണ്ട്. മുതിർന്നവരോ കുട്ടികളോ ആരുമാവട്ടെ ഓരോരുത്തരുടെയും അവകാശമാണ് സ്വകാര്യത സംരക്ഷിക്കപ്പെടണം എന്നത്. അനുവാദമില്ലാതെ ഒരു വ്യക്തിയുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രദർശിപ്പിക്കുന്നതുമെല്ലാം കുറ്റകരമാണ്. അത്തരത്തിൽ വിദ്യാർത്ഥികളുടെ സ്വകാര്യത സംരക്ഷിക്കാൻ നിയമവുമായി എത്തിയിരിക്കുകയാണ് കുവൈറ്റ്.
വിദ്യാർഥികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തുന്നതും പ്രസിദ്ധീകരിക്കുന്നതും കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചു. അത് മാത്രമല്ല, വിദ്യാർഥികളുമായി അഭിമുഖം നടത്തുന്നതിനും പ്രസ്താവന പ്രസിദ്ധീകരിക്കുന്നതിനും വിലക്കുണ്ട്. കെജി മുതൽ സെക്കൻഡറി വരെ ക്ലാസുകളുള്ള എല്ലാ സ്കൂളുകളിലും ഈ നിയമം ബാധകമാകുമെന്ന് പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹെസ്സ അൽ മുതവ പറഞ്ഞു.
നിരോധനം സംബന്ധിച്ച് എല്ലാ സ്കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുക എന്നതിനോടൊപ്പം തന്നെ അവയുടെ ദുരുപയോഗം തടയുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിയമലംഘകർക്കെതിരെ കടുത്ത ശിക്ഷയുണ്ടാകും, തെറ്റ് ചെയ്യുന്നവർ സൂക്ഷിക്കുക.