വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും പരിശോധന ശക്തമാക്കി കുവൈറ്റ് വാണിജ്യ മന്ത്രാലയം. മന്ത്രാലയത്തിലെ വിലനിർണയ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ഷുവൈഖ് മേഖലയിലെ മൊത്തവ്യാപാര വിപണികളിൽ പരിശോധന നടത്തിയിരുന്നു.
വിപണിയിലെ അവശ്യ വസ്തുക്കളുടെയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും വിലനിലവാരം നിരീക്ഷിക്കുക, കൃത്രിമ വിലവർധന തടയുക എന്നീ കാര്യങ്ങളിലാണ് ഇൻസ്പെക്ഷൻ ടീമുകള്‍ പരിശോധന നടത്തുന്നതെന്ന് അൽ അൻസാരി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമം ലംഘിക്കുന്നവരെ കമേഴ്സ്യൽ പ്രോസിക്യൂട്ടര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് കൃത്രിമ വിലവർധന സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത നിരീക്ഷിക്കാൻ വാണിജ്യ മന്ത്രിയുടെ നിർദേശപ്രകാരം മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. വിലവര്‍ധനയുമായി ബന്ധപ്പെട്ട പരാതികള്‍ 135 എന്ന ഹോട്ട്ലൈൻ വഴിയോ 55135135 വാട്സ്ആപ് വഴിയോ സമര്‍പ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.