അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് കുവൈത്ത്. ഉപപ്രധാനമന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ- യൂസഫാണ് ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. മാർച്ച് 17 മുതൽ ജൂൺ 17 വരെയായിരിക്കും പൊതുമാപ്പ് കാലാവധി. ഈ കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ സാധിക്കും.
അതേസമയം, രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് പിഴയടച്ചാൽ താമസാനുമതിയും ലഭിക്കും. കൂടാതെ പൊതുമാപ്പ് സൗകര്യം ഉപയോഗിക്കുന്നവർക്ക് നാട്ടിൽ പോയി തിരിച്ച് വരാനുള്ള അവസരവും ഉണ്ടാകും. എന്നാൽ പൊതുമാപ്പിന്റെ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്ത് തുടരുന്നവർക്ക് കടുത്ത പിഴയും ശിക്ഷയും ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ പിടിക്കപ്പെടുന്നവർക്ക് കുവൈത്തിലേക്ക് പിന്നീട് തിരിച്ചുവരാനും സാധിക്കില്ല.
കുവൈത്തിൽ ഇതിന് മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ചത് 2018 ജനുവരിയിലാണ്. എന്നാൽ ഭൂരിപക്ഷം പേരും ഈ അവസരം പ്രയോജനപ്പെടുത്തിയിരുന്നില്ല. നിലവിൽ കുവൈത്തിൽ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.