എയർ ഇന്ത്യ എക്സ്പ്രസിൽ വീണ്ടും സർവിസ് റദ്ദാക്കൽ. ഈ മാസം ആറിന് സർവീസ് നടത്തേണ്ടിയിരുന്ന കോഴിക്കോട്-കുവൈറ്റ് വിമാനമാണ് റദ്ദാക്കിയത്. ചൊവ്വാഴ്ചകളിൽ സർവിസ് ഇല്ലാത്തതിനാൽ ബുധനാഴ്ചയിലേക്ക് നിരവധി പേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ സർവിസ് റദ്ദാക്കിയത് യാത്രക്കാരെ കൂടുതൽ പ്രയാസത്തിലാക്കിയിരിക്കുകയാണ്.
അടുത്തിടെ എയർ ഇന്ത്യ എക്സ്പ്രസ് കൃത്യമായ സർവിസ് നടത്തിവരുകയായിരുന്നു. അതിനിടെയാണ് ഈയാഴ്ച രണ്ടാമത്തെ ഷെഡ്യൂൾ മാറ്റം വരുത്തിയിരിക്കുന്നത്. നവംബർ 30, ഡിസംബർ എഴ് തീയതികളിലായി കുവൈറ്റിൽ നിന്നുള്ള കണ്ണൂർ എയർഇന്ത്യ എക്സ്പ്രസുകളും റദ്ദാക്കിയിട്ടുണ്ട്. ഈ തീയതികൾക്ക് പകരം തൊട്ടടുത്ത ദിവസങ്ങളിലായി സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവിസുകളിൽ മാറ്റം വരാനുണ്ടായ കാരണമെന്നാണ് സൂചന.
അതേസമയം സീസൺ സമയത്ത് ടിക്കറ്റിന് വലിയ തുക നൽകേണ്ടി വരുമെന്നതിനാൽ പ്രവാസികളിൽ നിരവധി പേർ മാസങ്ങൾക്ക് മുൻപേ ചെറിയ നിരക്കിൽ ടിക്കറ്റ് എടുക്കുന്നത് പതിവാണ്. എന്നാൽ, വിമാനം പുറപ്പെടുന്നതിന്റെ ദിവസങ്ങൾക്കു മുൻപേ റദ്ദാക്കുന്നതിലൂടെ പെട്ടെന്ന് പുതിയ ടിക്കറ്റ് എടുക്കാൻ ഇവർ വലിയ തുക നൽകേണ്ടി വരും. ചെറിയ ലീവിന് പോകുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. റദ്ദാക്കിയവർക്ക് മുഴുവൻ റീഫണ്ട് ലഭിക്കുമെങ്കിലും അന്നേ ദിവസം മറ്റൊരു വിമാനത്തിന് നേരത്തെ നൽകിയ തുകക്ക് ടിക്കറ്റ് ലഭിക്കുക എന്നത് പ്രയാസകരമാണ്.