ഉറക്കത്തിലെത്തിയ ദുരന്തം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിലെ അഞ്ചുപേരെ. ഇടുക്കി തൊടുപുഴ കുടയത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം. 200 മീറ്റര്‍ ഉയരെനിന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ഉരുൾപൊട്ടിയെത്തുമ്പോൾ സംഗമം മാളിയേക്കല്‍ കോളനിയിലെ സോമനും കുടുംബവും അപകടത്തില്‍പ്പെടുകയായിരുന്നു.
സോമന്‍, ഭാര്യ ഷിജി, മാതാവ് തങ്കമ്മ (75), മകള്‍ ഷിമ(25), ചെറുമകന്‍ ദേവാനന്ദ്(5) എന്നിവരാണ് മരിച്ചത്. എന്‍ഡിആര്‍ഫ് ,ഫയര്‍ഫോഴ്സ്, പൊലീസ് എന്നിവര്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ മണിക്കൂറുകൾ നീണ്ട തിരിച്ചിലിനൊടുവിലാണ് അഞ്ചുപേരുടേയും മൃതദേഹങ്ങൾ കണ്ടെടുത്തത്. മണ്ണിനടിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ.
സോമന്‍റെ വീട് പൂര്‍ണമായും ഉരുൾപൊട്ടലില്‍ ഒലിച്ചുപോയി. വീടിന്റെ അടിത്തറ മാത്രമാണ് അവശേഷിക്കുന്നത്.. മണ്ണും പാറയും ഏറെ ദൂരം കുത്തിയൊലിച്ചു. പ്രദേശത്ത് ശക്തമായ മഴയാണ് പെയ്തിരുന്നത്. എന്നാല്‍ ഈ പ്രദേശത്ത് ഉരുൾപൊട്ടല്‍ ആദ്യമായാണ് ഉണ്ടാകുന്നതെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. രാജന്‍, ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ് എന്നില്‍ സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. സമീപത്ത് അപകടാവസ്ഥയിലുളള കുടുംങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ടയിലും കോട്ടയത്തും ചെറുതോടുകള്‍ കരകവിഞ്ഞു. റാന്നി ചുങ്കപ്പാറ ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.മലയോര പ്രദേശങ്ങളില്‍ ജാഗ്രത തുടരുണമെന്ന് അധികൃതര്‍ നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്.