സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. അർജുൻ്റെ അമ്മയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്ത രണ്ട് യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് ചേവായൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വാർത്താസമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റി, കുടുംബത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടക്കുന്നതായാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ ദുഷ്പ്രചാരണമാണ് നടക്കുന്നതെന്നും അമ്മയുടെയും സഹോദരിയുടെയും ശബ്ദം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കാണാതായ അർജുനായി പത്താം ദിവസം തിരച്ചിൽ തുടങ്ങി. കാലാവസ്ഥ വെല്ലുവിളിയായി തുടരുന്ന സമയത്തും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുകയാണ്. മണ്ണ് നീക്കിയാണ് തിരച്ചിൽ നടക്കുന്നത്.