ദുബായിൽ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളി ജയകുമാറിന്റെ മൃതദേഹത്തെ ചൊല്ലി തർക്കം. ലക്ഷദ്വീപ് സ്വദേശിയായ സഫിയയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ വിസമ്മതിച്ചതാണ് പരാതിക്ക് കാരണം. നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാൻ കുടുംബം എത്തിയിരുന്നില്ല. മൃതദേഹം ഏറ്റെടുക്കില്ലെന്നും മരണസർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സർട്ടിഫിക്കറ്റുകളും മാത്രമേ സ്വീകരിക്കൂ എന്നാണ് കുടുംബത്തിന്റെ നിലപാട്.
ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനു മുമ്പിലാണ് ഇപ്പോഴുള്ളതെന്നാണ് വിവരം. ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂർ സ്വദേശി ദുബായിൽ മരിച്ചത്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം സന്നദ്ധ സംഘടനകൾ തുടങ്ങിയിരുന്നപ്പോൾ തന്നെ മൃതദേഹം വേണ്ടെന്നാണ് ബന്ധുക്കൾ അറിയിച്ചത്. മരണസർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സർട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാൽ മതിയെന്ന നിർബന്ധത്തിലാണ് പ്രവാസിയുടെ കുടുബം. എന്നാൽ അധികം ദിവസം മൃതദേഹം ദുബായിൽ സൂക്ഷിക്കാൻ സാധിക്കില്ലെന്ന് അറിയച്ചതിന്റെ അടിസ്ഥാനത്തിൽ സന്നദ്ധപ്രവർത്തകർ കുടുംബവുമായി ചർച്ചകൾ നടത്തിയിരുന്നു. ചർച്ചയുടെ ഫലമായി മൃതദേഹം നാട്ടിലെത്തിയാൽ വിളിക്കാനാണ് കുടുംബം പറഞ്ഞത്. മൃതദേഹം നാട്ടിലെത്തി കുടുംബത്തെ വിളിച്ചപ്പോൾ ഫോൺഎടുത്തില്ലെന്നാണ് വിവരം.
വിവാഹിതനായ ജയകുമാർ കഴിഞ്ഞ നാല് വർഷമായി സഫിയക്കൊപ്പമാണ് താമസിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ജയകുമാറിന്റെ മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്. പിന്നാലെ ഇവർ ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ജയകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കണമെന്നാണ് സഫിയ ആവശ്യപ്പെടുന്നത്. എന്നാൽ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടില്ലെന്നും എൻആർഐ സെല്ലിൽ ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. വിവാഹം കഴിച്ച ഭാര്യയ്ക്കൊപ്പമാണ് ജയകുമാർ താമസിച്ചിരുന്നത്. ഇവർ ഗർഭിണിയായി നാട്ടിലേക്ക് വന്ന സമയത്ത് നാലര വർഷം മുൻപ് ജയകുമാറിനെ കാണാതായി. തുടർന്ന് ബന്ധുക്കൾ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്ത് അന്വേഷിച്ചു. ആ സമയത്താണ് ജയകുമാർ സഫിയയുമൊത്ത് ലിവിങ് ടുഗെതർ ആണെന്ന വിവരം പുറത്ത് വന്നത്. സ്വന്തം ഇഷ്ടപ്രകാരമാണ് ജയകുമാർ സഫിയക്കൊപ്പം ജീവിക്കുന്നതെന്നും വ്യക്തമായിരുന്നു.