കൂടത്തായി കൂട്ടക്കൊലക്കേസിൽ ആദ്യത്തെ കൂറുമാറ്റം. കേസിലെ നൂറ്റിയമ്പത്തിയഞ്ചാം സാക്ഷിയായ കട്ടാങ്ങൽ സ്വദേശി സിപിഎം പ്രാദേശിക നേതാവ് പ്രവീൺ കുമാർ എന്നയാളാണ് പ്രതികൾക്ക് അനുകൂലമായി കൂറുമാറിയത്.
കേസിലെ ഒന്നാം പ്രതി ജോളിക്കും നാലാം പ്രതി മനോജ് കുമാറിനും അനുകൂലമായാണ് ഇയാൾ കോടതിയിൽ മൊഴി നൽകിയത്. കേസിൽ ആദ്യമായാണ് ഒരാൾ കൂറുമാറുന്നത്. കോഴിക്കോട് കട്ടാങ്ങൽ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രവീൺ. ഒന്നാം പ്രതി ജോളിയുടെ സഹോദരന്മാർ അടക്കം 46 പേരെയാണ് പ്രത്യേക കോടതി ഇന്ന് വിസ്തരിച്ചത്. ഇതിൽ പ്രവീൺ കുമാർ മാത്രമാണ് കൂറുമാറിയത്.
ജോളിയുമായി ചേർന്ന് വ്യജ വിൽപ്പത്രം തയ്യാറാക്കിയെന്ന കേസിൽ നാലാം പ്രതിയാണ് മനോജ് കുമാർ. നേരത്തെ പഞ്ചായത്ത് അംഗമായിരുന്ന ഇയാളെ അടുത്തറിയാമെന്നും 15 വർഷം ഒരുമിച്ച് പ്രവർത്തിച്ചിരുന്നുവെന്നുമാണ് പ്രവീൺ നൽകിയ മൊഴി. തെളിവെടുപ്പ് വേളയിൽ പൊലീസിന്റെ മഹദ്സറിൽ സാക്ഷിയായി ഒപ്പ് വെച്ചതും പ്രവീണായിരുന്നു. എന്നാൽ തനിക്ക് പ്രതികളെ അറിയില്ലെന്നും പൊലീസ് തന്ന ഒരു രേഖയിലും ഒപ്പിട്ടിട്ടില്ലെന്നുമാണ് ഇന്ന് വിചാരണ വേളയിൽ ഇയാൾ കോടതിയിൽ പറഞ്ഞത്.