കൊല്ലം ഓയൂരില്‍ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയ അബിഗേലിനെ കണ്ടെത്തിയതിൽ അതിയായ സന്തോഷത്തിലാണ് കുട്ടിയുടെ കുടുംബം. അബിഗേലിന്റെ സഹോദരനും അമ്മയും വിഡിയോ കോളിലൂടെ കുട്ടിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും പൊലീസിനും അബിഗേലിന്റെ അമ്മ നന്ദി പറയുകയും ചെയ്തു.
അബിഗേലിന് കിംസ് ആശുപത്രി വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് അറിയിച്ചു. മാതാപിതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കൂടാതെ ആരോഗ്യ പ്രവര്‍ത്തകരായ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ആവശ്യമുള്ള അവധി നല്കാന് അവര്‍ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേല്‍ സാറ റെജിയെന്ന ആറ് വയസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള കാറിലാണ് കുട്ടിയെ കയറ്റിക്കൊണ്ട് പോയത്. മൂത്ത മകന് ജോനാഥനൊപ്പം ട്യൂഷന് പോകുമ്പോഴായിരുന്നു സംഭവം. തടയാന്‍ ശ്രമിച്ച സഹോദരനെ വലിച്ചിഴച്ചയ്ക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.