കേരള രാഷ്ട്രീയത്തിൻ്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണനെന്ന സിപിഐഎമ്മിലെ സമുന്നത നേതാവിൻ്റെ വേർപാട്.ഈ വർഷവും കൊച്ചിയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തലശേരിയിൽനിന്ന് അഞ്ചു തവണ (1982, 1987, 2001, 2006, 2011) നിയമസഭാംഗമായിട്ടുണ്ട് കോടിയേരി.
കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിനും നാരായണിയമ്മയ്ക്കും 1953 നവംബര്‍ 16ന് ജനിച്ച അഞ്ചാമനായിരുന്നു ബാലകൃഷ്ണന്‍. അച്ഛന്‍ മരിച്ച ശേഷം അമ്മയാണ് വളർത്തിയത്. കൃഷിപ്പണികള്‍ ചെയ്തും അയല്‍വീടുകളില്‍ പാലുവിറ്റും ബാലകൃഷ്ണന്‍ അമ്മയ്ക്ക് താങ്ങായി വളർന്നു.
സ്കൂൾ പഠനകാലം മുതൽ രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായ കോടിയേരി ബാലകൃഷ്ണൻ ഒണിയൻ ഗവൺമെൻ്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരിക്കെ എസ്എഫ്ഐയുടെ ആദ്യരൂപമായ കെഎസ്എഫിൻ്റെ യൂണിറ്റ് സ്കൂളിൽ ആരംഭിച്ച് അതിൻ്റെ സെക്രട്ടറിയായി. 1970 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ച് ഈങ്ങയിൽപ്പീടിക ബ്രാഞ്ച് സെക്രട്ടറിയായി. ഇക്കാലയളവിൽ മാഹി മഹാത്മാഗാന്ധി കോളജ് യൂണിയൻ ചെയർമാനായി. 1973 ൽ കോടിയേരി സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി. അതേവർഷം എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. 1979 വരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി.
1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് 16 മാസം സെന്‍ട്രല്‍ ജയിലില്‍ തടവിൽ കഴിഞ്ഞു. ജയിൽജീവിതത്തിനിടെയാണ് പിണറായി വിജയനുമായി അടുത്തത്. 1980 മുതല്‍ 1982 വരെ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ പ്രസിഡൻ്റായിരുന്നു. 1988 ൽ ആലപ്പുഴയിൽ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സമിതിയംഗമായ കോടിയേരി 1990 മുതൽ 95 വരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി.
1995 ൽ കൊല്ലത്തു ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002 ലെ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗമായി ഉയർന്നു. 2008 ലെ കോയമ്പത്തൂർ പാർട്ടി കോൺഗ്രസിൽ പൊളിറ്റ് ബ്യൂറോ അംഗമായ അദ്ദേഹം മരണം വരെ പിബി അംഗമായിരുന്നു.
പിണറായി വിജയനു പിന്നാലെ 2015 ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി 2015 ഫെബ്രുവരി 23 നാണ് സ്ഥാനമേറ്റത്. 2018 ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിലും 2022 ൽ കൊച്ചിയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലും വീണ്ടും സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യ കിസാന്‍ സഭാ മെമ്പര്‍ തുടങ്ങിയ നിലകളില്‍ കൃഷി അനുബന്ധ സംഘടനാരംഗത്തും കോടിയേരി പ്രവര്‍ത്തിച്ചിരുന്നു.
തലശേരിയിൽ നിന്ന് അഞ്ച് തവണ നിയമസഭാംഗമായതോടൊപ്പം ആഭ്യന്തര, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായി. വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ രണ്ടാമനായിരുന്നു.കർക്കശക്കാരായ കമ്യൂണിസ്റ്റുകാർക്കിടയിൽ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി.