പതിനഞ്ചു വർഷത്തിന് ശേഷം ജൂത ആചാരപ്രകാരമുള്ള വിവാഹത്തിന് കൊച്ചി സാക്ഷ്യം വഹിച്ചു. ക്രൈംബ്രാഞ്ച് മുൻ എസ്പി ബിനോയ് മലാഖൈ, മഞ്ജുഷ മിറിയം ഇമ്മാനുവേൽ എന്നിവരുടെ മകൾ റേച്ചൽ മലാഖൈയും യുഎസ് പൗരനും നാസ എൻഞ്ചിനീയറുമായ റിച്ചഡ് സാക്കറി റോവുമാണ് കൊച്ചിയിലെ റിസോട്ടിൽ നടന്ന ചടങ്ങിൽ വിവാഹിതരായത്.
ജൂത പള്ളിക്ക് പുറത്ത് ഒരുക്കിയ വേദിയിൽ ആദ്യമായി നടക്കുന്ന കല്യാണം എന്ന പ്രത്യേകത കൂടിയുണ്ട് ഈ വിവാഹത്തിന്. മാതാപിതാക്കളുടെ കൈപിടിച്ച് വേദിയിൽ എത്തിയതിനു ശേഷം വധു വരനെ ഏഴ് തടവണ വലയം വെച്ചു. പിന്നീട് പ്രധാന ചടങ്ങുകളിലേക്ക് കടന്നു. കെത്തുബ എന്ന വിവാഹ ഉടമ്പടി വായിച്ചു കേൾപ്പിച്ചതിന് ശേഷം പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിതപങ്കാളിയായി കഴിയാമെന്ന് വധുവും വരനും റബായിക്ക് ഉറപ്പു നൽകി .തുടർന്ന് ഇരുവരും വിവാഹ മോതിരം അണിയിച്ചു.