സിനിമ ലൊക്കേഷനുകളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പരിശോധന കർശനമാക്കുമെന്ന് കൊച്ചി പൊലീസ് കമ്മീഷണർ സേതുരാമന്‍ അറിയിച്ചു. ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും കമ്മീഷണർ പറഞ്ഞു. ലഹരി ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയാൽ റെയ്ഡുകൾ നടത്തുമെന്നും സിനിമാ പ്രവര്‍ത്തകരുടെ സഹകരണം പ്രതീക്ഷിക്കുന്നതായും കമ്മീഷണര്‍ കൂട്ടിച്ചേർത്തു.
അതേസമയം സിനിമാ പ്രവർത്തകർക്ക് ഇടയിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ട് എന്ന് വെളിപ്പെടുത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തും. ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തുമെന്നും സേതുരാമന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് പ്രത്യേക യോഗം ചേർന്നത്. കൂടാതെ സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകർ തന്നെ തുറന്നു പറച്ചിൽ നടത്തിയത് സ്വാഗതാർഹമാണെന്നും കമ്മീഷണർ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്ത് വന്നത്. നേരത്തേ ലഹരി ഉപയോഗിക്കുന്ന താരങ്ങൾക്ക് വിലക്കേർപ്പെടുത്താനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗിക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.