കൊച്ചി മെട്രോയ്ക്ക് ഇന്ന് അഞ്ച് വയസ്. അഞ്ചാം വാർഷികം പ്രമാണിച്ച് യാത്രക്കാർക്ക് ഇന്ന് അഞ്ച് രൂപ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്ക് യാത്ര ചെയ്താലും ഇന്ന് അഞ്ചുരൂപ മാത്രമേ നൽകേണ്ടതുള്ളൂ. യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കാനും ഇതുവരെ മെട്രോയിൽ യാത്ര ചെയ്തിട്ടില്ലാത്തവരെ മെട്രോ പരിചയപ്പെടുത്തുക എന്നിവയാണ് 5 രൂപ യാത്ര ഒരുക്കിയതിലെ ലക്ഷ്യം.
2017 ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. ജൂൺ 19നാണ് പൊതുജനങ്ങൾക്കായി തുറന്ന് പ്രവർത്തനം ആരംഭിച്ചത്. വിമാനത്താവളത്തിലേക്ക് ഉൾപ്പടെ അഞ്ച് മെട്രോ പാതകൾ നിർമിച്ച് കൊച്ചിയെ ഇന്ത്യയിലെ മികച്ച ട്രാവൽ ഹബ്ബാക്കാനുള്ള പരിശ്രമത്തിലാണ് കെഎംആർഎൽ.
പ്രതിദിനയാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിക്കുക എന്നതാണ് മെട്രോയുടെ ലക്ഷ്യം. കൂടുതൽ പാതകൾ വരുന്നതോടെ യാത്രക്കാരുടെ എണ്ണം 2.5 ലക്ഷമായി ഉയർത്താനാകണം. ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുന്ന പാതക്ക് ആവശ്യമായ അന്തിമ അനുമതി ഉടൻ കേന്ദ്ര സർക്കാർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തൃപ്പൂണിത്തുറയിൽ നിന്ന് കാക്കനാടേക്കും ഒരു പാത പരിഗണനയിലുണ്ട്. തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ മെട്രോ പാതകളുടെ നിർമ്മാണ ചുമതല നൽകിയിരിക്കുന്നതും കെഎംആർഎല്ലിനാണ്. അതുമായി ബന്ധപ്പെട്ട സാധ്യത പഠനം നടന്നുവരികയാണ്.