വഴിതെറ്റി കാർ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിക്കാനിടയായത് ഗൂഗിൾ മാപ്പിനുണ്ടായ പിശകു മൂലമല്ലെന്ന് വടക്കേക്കര പൊലീസ്.
ഞായർ പുലർച്ചെ 12.30നാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ കടൽവാതുരുത്ത് പുഴയിലേക്ക് വീഴുകയായിരുന്നു. ഇവരുടെ ഒപ്പം കാറിലുണ്ടായ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തതാണ് അപകടകാരണമെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു.
എന്നാൽ, പുഴ എത്തുന്നതിനു മുൻപു ഹോളിക്രോസ് എൽപി സ്‌കൂളിന് സമീപത്തു നിന്ന് ഇടത്തേക്കുള്ള വഴി ഗൂഗിൾ മാപ്പിൽ കൃത്യമായി കാണിക്കുന്നുണ്ടെന്നും മുന്നോട്ട് പോയാൽ റോഡ് അവസാനിക്കുകയാണെന്നു വ്യക്തമാകുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. കടൽവാതുരുത്ത് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു 400 മീറ്ററോളം സഞ്ചരിച്ചാലെ പുഴയുടെ സമീപമെത്തൂ. കടൽവാതുരുത്ത് കവലയുടെയും പുഴയുടെയും ഇടയിലുള്ള വഴി യാത്രക്കാർ കാണാതെ പോയതാകാം അപകടത്തിനു കാരണമെന്നാണു പൊലീസിന്റെ നിഗമനം. കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിക്ക് കീഴിലുള്ള എ ആർ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരായ കൊടുങ്ങല്ലുർ മതിലകം പാമ്പിനേഴത്ത് അജ്മൽ ആസിഫ് (28), കൊല്ലം തട്ടാമല പാലത്തറ തുണ്ടിയിൽ അദ്വൈത് (28) എന്നിവരാണ് മരിച്ചത്.