കാൽപ്പന്ത് കളിയുടെ ആരവം മുഴങ്ങുന്ന ഇടമാണ് കളിക്കളങ്ങൾ. വലകുലുക്കി പന്ത് വിജയകുതിപ്പ് നടത്തുമ്പോൾ ഗാലറികളിൽ ഗോൾ എന്ന് ആവേശത്തോടെ ആർപ്പ് വിളിക്കുന്ന ഫുട്ബോൾ ആരാധകരുടെ സ്വന്തം ഇടം. അത്തരത്തിൽ സൗദിയിലെ റിയാദിലും ഫുട്ബോൾ ആരാധകരുടെ ഇഷ്ട സ്റ്റേഡിയമുണ്ട്. ഗിന്നസ് റെക്കോർഡിന്റെ തിളക്കത്തിൽ തലയുയർത്തി നിൽക്കുന്ന കിങ്ഡം അരീന.
അൽ ഹിലാൽ ക്ലബിന്റെ പ്രധാന സ്റ്റേഡിയമാണ് കിങ്ഡം അരീന. വിസ്തീർണം അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയം, കാണികളെ കൊള്ളാനുള്ള ശേഷിയിൽ ഏറ്റവും വലിയ ഇൻഡോർ സ്റ്റേഡിയം എന്നീ പ്രത്യേകതകളാണ് കിങ്ഡം അരീനയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിക്കൊടുത്തത്. ഇതോടെ 37,991 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ലോകത്തെ വലിയ ഇൻഡോർ ഫുട്ബാൾ സ്റ്റേഡിയമായി കിങ്ഡം അരീന മാറി.
20,280 സീറ്റുകളുള്ള സ്റ്റേഡിയം കാണികളെ ഉൾക്കൊള്ളുന്ന കാര്യത്തിലും ഏറ്റവും വലുതാണ്. റിയാദ് സീസൺ ഫുട്ബാൾ കപ്പിനായുള്ള അൽഹിലാൽ, അൽനസ്ർ മത്സരം ആരംഭിക്കുന്നതിന് മുൻപാണ് വേൾഡ് റെക്കോർഡ് സ്റ്റേഡിയത്തെ തേടിയെത്തിയിരിക്കുന്നത്. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റുകൾ പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്, അൽ ഹിലാൽ ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ഫഹദ് ബിൻ നഫാൽ എന്നിവർ ഏറ്റുവാങ്ങി. റിയാദ് സീസൺ കപ്പിന് വേണ്ടിയുള്ള ഇൻറർ മിയാമി – അൽഹിലാൽ മത്സരത്തിന് വേണ്ടിയാണ് ജനുവരി 29ന് കിങ്ഡം അരീന സ്റ്റേഡിയം തുറന്നത്.