സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിൽ സ്റ്റേഡിയം നിർമ്മിക്കും. 92,000 പേർക്ക് ഇരിക്കാൻ സാധിക്കുന്ന കിംഗ് സൽമാൻ സ്റ്റേഡിയമാണ് തലസ്ഥാന നഗരമായ റിയാദിൽ നിർമ്മിക്കുക. 2029-ഓടെ പദ്ധതി പൂർത്തിയാകും. റോയൽ കമ്മീഷനും കായിക മന്ത്രാലയവും ചേർന്നാണ് കിംങ് സൽമാൻ സ്റ്റേഡിയത്തിൻ്റെ ഡിസൈൻ പുറത്തിറക്കിയത്.
ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നാകും കിംഗ് സൽമാൻ സ്റ്റേഡിയം. 6,60,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണത്തിലാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. ഉത്തര റിയാദിൽ കിംഗ് അബ്ദുൽ അസീസ് പാർക്കിന് സമീപമാണ് കിംഗ് സൽമാൻ സ്റ്റേഡിയം നിർമ്മിക്കുന്നത്. ഇത് സൗദി ദേശീയ ടീമിൻ്റെ പ്രധാന വേദിയായിരിക്കും. പ്രധാന കായിക മത്സരങ്ങളും പ്രവർത്തനങ്ങളും ഇവിടെയാകും സംഘടിപ്പിക്കുക.
പ്രധാന സ്റ്റേഡിയത്തിൽ 150 സീറ്റുകളുള്ള ഒരു രാജകീയ ബോക്സ്, 120 ഹോസ്പിറ്റാലിറ്റി സ്യൂട്ടുകൾ, 300 വിഐപി സീറ്റുകൾ, വിശിഷ്ട വ്യക്തികൾക്കുള്ള 2,200 സീറ്റുകൾ എന്നിവയുൾപ്പെടെ 92,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമാണ് ഉണ്ടാവുക. കാണികൾക്കുള്ള ഇരിപ്പിടങ്ങളിലും സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലും സുസ്ഥിരമായ കൂളിംഗ് സംവിധാനവുമൊരുക്കും.
സ്റ്റേഡിയത്തിന്റെ മുകൾ ഭാഗം സ്ക്രീനുകളാൽ ചുറ്റപ്പെട്ടിരിക്കും. സ്റ്റേഡിയത്തിൻ്റെ മേൽക്കൂരയിൽ കിംഗ് അബ്ദുൽ അസീസ് പാർക്കിൻ്റെ വേറിട്ട കാഴ്ച സമ്മാനിക്കുന്ന നടപ്പാതയുമുണ്ടാകും. വോളിബോൾ, ബാസ്കറ്റ്ബോൾ, പാഡൽ കോർട്ടുകൾ തുടങ്ങിയ ഔട്ട്ഡോർ കോർട്ടുകൾക്ക് പുറമെ, വിവിധ കായിക വിനോദങ്ങൾ പരിശീലിക്കാനുള്ള രണ്ട് റിസർവ് മൈതാനങ്ങൾ, ആരാധകർക്കുള്ള അരീനകൾ, ഇൻഡോർ ജിം, ഒളിംപിക് സ്വിമ്മിംഗ് പൂൾ, അത്ലറ്റിക്സ് ട്രാക്ക് തുടങ്ങി അനുബന്ധ സ്പോർട്സ് സ്ഥാപനങ്ങളും സ്റ്റേഡിയത്തിന് സമീപമുണ്ടാകും.