മിഡിലീസ്റ്റിലെ ഏറ്റവും നീളമേറിയ തുരങ്ക പാതയിലൂടെ ഇനി സഞ്ചരിക്കാം. സൗദി തലസ്ഥാന നഗരത്തിലെ നിർദിഷ്ട കിങ് സൽമാൻ പാർക്ക് പദ്ധതിക്കുള്ളിൽ നിർമിച്ച അബൂബക്കർ അൽസിദ്ദീഖ് തുരങ്കപാതയിൽ ഗതാഗതം ആരംഭിച്ചു കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ മുതൽ തുരങ്കത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങി. പഴയ ടണലുകളെ ബന്ധിപ്പിച്ചാണ് പുതിയ ടണൽ നിർമിച്ചിരിക്കുന്നത്.
അതേസമയം പാർക്ക് പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കിയ ആദ്യത്തെ പാലവും തുരങ്കവും എന്ന പ്രത്യേകത കൂടി അബൂബക്കർ അൽസിദ്ദീഖ് തുരങ്കത്തിനുണ്ട്. റിയാദിന്റെ ഹൃദയ ഭാഗത്ത് 16 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലാണ് കിങ് സൽമാൻ പാർക്കിന്റെ നിർമാണം. 2021ലാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. പാർക്കിന്റെ വടക്കുഭാഗത്ത് നിന്ന് തെക്ക് ഭാഗത്തേക്കുള്ള റോഡിലേക്ക് നീളുന്ന തുരങ്കത്തിന് 2.430 കി.മീ നീളമുണ്ട്. 1.590 കി.മീറ്ററാണ് ഇതിൽ പുതുതായി നിർമിച്ചത്. ബാക്കി 840 മീറ്റർ ഭാഗവും അബൂബക്കർ അൽസിദ്ദീഖ് റോഡിൽ നിലവിലുള്ള തുരങ്കത്തിന്റേതാണ്. രണ്ടിനെയും ഒറ്റ തുരങ്കമാക്കുകയായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി സൽമാനിയ വാസ്തുവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. റിയാദ് നഗരത്തിന്റെ പാറക്കെട്ടുകളും ഭൂമിശാസ്ത്ര ഘടനയും അനുകരിക്കുന്നതാണ് തുരങ്ക പാതയുടെ ഇൻറീരിയർ ഡിസൈൻ. വ്യാഴാഴ്ച മുതൽ വാഹനങ്ങൾക്ക് തുരങ്കത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് കിങ് സൽമാൻ പാർക്ക് ഫൗണ്ടേഷൻ ഡയറക്ടർ ബോർഡ് അറിയിച്ചിരുന്നു.
തുരങ്കത്തിൽ അടിയന്തര പാതയ്ക്ക് പുറമേ ഓരോ ദിശയിലും വാഹനങ്ങൾക്കായി മൂന്ന് പാതകളും സജ്ജീകരിച്ചിട്ടുണ്ട്. നൂതന സുരക്ഷ നടപടിക്രമങ്ങൾ, നൂതന ട്രാഫിക് മാനേജ്മെൻറ് സംവിധാനങ്ങൾ, ഒഴിപ്പിക്കൽ രീതികൾ എന്നിവയും ടണലിൽ സജ്ജീകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നഗരപാർക്ക് റിയാദ് മെട്രോ ട്രെയിൻ, ബസ് നെറ്റ്വർക്ക് സ്റ്റേഷനുകളുമായി വിവിധ റോഡുകൾ വഴി ബന്ധിപ്പിക്കപ്പെടുന്നു എന്ന പ്രത്യേകതകൂടിയുണ്ട് തുരങ്കത്തിന്. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും ആളുകൾക്ക് പാർക്കിൽ എത്താൻ ഇതുവഴി സാധിക്കും. ലോകത്തിലെ താമസയോഗ്യമായ നഗരങ്ങളിൽ ഒന്നാകാൻ തയ്യാറെടുക്കുന്ന റിയാദിന്റെ സ്ഥാനം ആഗോളതലത്തിൽ ഉയർത്താൻ സഹായിക്കുന്ന മികച്ച പദ്ധതികളിലൊന്നാണ് കിങ് സൽമാൻ പാർക്ക്.