ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ഏതാണെന്ന ചോദ്യത്തിനുള്ള മറുപടി റിയാദിൽ ഒരുങ്ങുകയാണ്. റിയാദിൽ നിർമ്മിക്കുന്ന കിങ് സൽമാൻ ഇൻ്റർനാഷണൽ എയർപോർട്ടാകും വലുപ്പത്തിന്റെ കാര്യത്തിൽ ലോകത്തിൽ ഏറ്റവും മുൻപന്തിയിൽ. 2030തോടെ വിമാനത്താവളം പ്രവർത്തനം ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
വലിയ ആറ് റൺവേകൾ ഉൾപ്പെടുന്ന വിമാനത്താവളം 57 ചതുരശ്ര കിലോമീറ്ററിലാണ് നിർമ്മിക്കുന്നത്. ഇതോടൊപ്പം 12 ചതുരശ്ര കിലോമീറ്ററിൽ തയ്യാറാവുന്ന റീട്ടെയിൽ ഔട്ട്ലെറ്റുകളുമുണ്ട്. 23 ബില്യൺ പൗണ്ട് ചിലവിലാണ് പുതിയ വിമാനത്താവളം നിർമ്മിക്കുന്നത്. ഇതുവഴി ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഫോസ്റ്റർ പാർട്‌ണേഴ്സ് എന്ന കമ്പനിയാണ് വിമാനത്താവളത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്.
വിമാനത്തിന്റെ ടേക്ക് ഓഫ് കാണുന്നതിനും പ്രീ-ഫ്‌ലൈറ്റ് പൈൻ്റ് സാമ്പിൾ ചെയ്യുന്നതുമടക്കം നിരവധി സംവിധാങ്ങളും വിമാനത്താവളത്തിൽ ഒരുക്കും. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിലുള്ള ടെർമിനലുകളുമായി പുതിയ വിമാനത്താവളം ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. പുതിയ വിമാനത്താവളത്തിൻ്റെ വരവോടെ റിയാദിലെ ടൂറിസം മേഖല കൂടുതൽ ശക്തിപ്രാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.