ബാല്യകാലത്തെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു സുന്ദർ. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ബർഖ ദത്തിൻ്റെ വീ ദ വുമൺ ഇവൻ്റിലാണ് ഖുശ്ബു വെളിപ്പെടുത്തിയത്. ഇക്കാര്യത്തിൽ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് പേടിച്ചിരുന്നതായും ഖുശ്ബു പറയുന്നു.
”ഒരു കുട്ടി ശാരീരിക ചൂഷണത്തിന് വിധേയമാകുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായാലും അവരുടെ ജീവിതമാണ് മുറിവേൽപ്പിക്കപ്പെടുന്നത്. എൻ്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെ കടന്നുപോയൊരാളാണ്. ഭാര്യയെയും മക്കളെയും അടിക്കുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തൻ്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ. എട്ടാം വയസിലാണ് അച്ഛൻ എന്നെ ലൈംഗികമായി പീഡിപ്പിച്ചത്. 15 വയസ്സുള്ളപ്പോഴാണ് അച്ഛനെ എതിർക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റ് കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം കൊണ്ടായിരുന്നു അങ്ങനെ ഒരു നിലപാട് എടുത്തത്”, ഖുശ്ബു പറയുന്നു.
അമ്മ തന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയമെന്നും ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അക്കാലത്തെന്നും ഖുശ്ബു പറഞ്ഞു. തന്റെ 16 വയസില്‍ അച്ഛന് തങ്ങളെ ഉപേക്ഷിച്ച് പോയെന്നും ഖുശ്ബു കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞയാഴ്ചയാണ് ദേശീയ വനിതാ കമ്മീഷൻ അംഗമായി ഖുശ്ബുവിനെ തെരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ വന്നതും.
‘ദ ബേണിംഗ് ട്രെയിൻ’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയം തുടങ്ങിയ ഖുശ്ബു തെന്നിന്ത്യൻ സിനിമാലോകത്തെ ജനപ്രിയ മുഖമായിരുന്നു. 2010ലാണ് രാഷ്ട്രീയത്തിൽ ചേർന്നത്. കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവച്ച് 2020 ഒക്ടോബറിലാണ് ബി ജെ പിയിൽ ചേർന്നത്.