നിക്ഷേപപദ്ധതികൾക്ക് അനുകൂല സാഹചര്യമൊരുക്കുമെന്ന് വ്യക്തമാക്കി കേരളം. അബുദാബിയിൽ നടക്കുന്ന ആഗോള വാർഷിക നിക്ഷേപക സംഗമത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്. പ്രകൃതി സൗഹൃദവും ജനോപകാരപ്രദവുമായ പദ്ധതികളെ ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുന്നതായി കേരള പ്രതിനിധി സംഘം വ്യക്തമാക്കി.
പദ്ധതികൾ നേരിട്ട് ആരംഭിക്കാനുളള അവസരമാണ് കേരളം ഒരുക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മൂന്ന് വർഷത്തെ സമയം അനുവദിക്കുമെന്നും കേരളം പറഞ്ഞു. കെ–സ്വിഫ്റ്റ് ഏകജാലക സംവിധാനത്തിലൂടെ സംരംഭങ്ങൾക്കാവശ്യമായ നടപടികൾ അതിവേഗം പൂർത്തിയാൻ കഴിയുമെന്നും കേരളം നിക്ഷേപരെ അറിയിച്ചു.
വ്യവസായ, ഐടി, ആരോഗ്യം, വിദ്യാഭ്യാസം, ഇ–ഗവേണൻസ്, ടൂറിസം, ഊർജം തുടങ്ങി വിവിധ മേഖലകളിലെ നിക്ഷേപങ്ങളെ പ്പറ്റി ചർച്ച നടന്നു. നിക്ഷേപകർക്ക് മാസത്തെ വാടക സൗജന്യമായിരിക്കും. മുപ്പത് മുതൽ 99 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകും. രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവ സംബന്ധിച്ചും നിക്ഷേപകർക്ക് അനുകൂല സമീപനം സ്വീകരിക്കുമെന്ന് സംഘം അറിയിച്ചു.
നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ് തുടങ്ങിയവർ കേരള സെഷിൽ സംസാരിച്ചു. കേരളത്തിൽ ഒട്ടേറെ നിക്ഷേപ അവസരങ്ങളുണ്ടെന്ന് പ്രവസി മലയാളി വ്യവസായിയായ എംഎ യൂസഫലിയും വ്യക്തമാക്കി.