കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പ്രധാനമന്ത്രി തിരിച്ചുപോയപ്പോൾ കൊണ്ടുപോയത് 20 നാടൻ കരിക്കുകളും. കേരളത്തിലെ നാടൻ കരിക്കിന്റെ മധുരം തന്റെ മനസ്സു കവർന്നു വെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എറണാകുളം ഗെസ്റ്റ് ഹൗസ് ജീവനക്കാരോടാണു പ്രധാനമന്ത്രി കരിക്കിനെക്കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ചത്.
കൊച്ചിയിൽ എത്തിയ മോദി റോഡ് ഷോ കഴിഞ്ഞ് ഗെസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് വെൽക്കം ഡ്രിങ്കായി കരിക്കിൻ വെള്ളം കൊടുത്തത്. പലയിടങ്ങളിൽ നിന്ന് കരിക്കു കുടിക്കാറുണ്ടെങ്കിലും കേരളത്തിലെ കരിക്കിന്റെ രുചി കൂടുതൽ ഇഷ്ടപ്പെട്ടുവെന്നും മടങ്ങുമ്പോൾ കൊണ്ടുപോകാൻ കരിക്കു വേണമെന്നും എസ്പിജി ഉദ്യോഗസ്ഥർ മുഖേന പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു.
പിന്നാലെ കരിക്ക് തേടി പൊലീസ് ഇറങ്ങി. പുലർച്ചെ തന്നെ മറൈൻ ഡ്രൈവിലെ കടതുറപ്പിച്ച് പൊലീസ് 20 നാടൻ കരിക്കുകൾ ഗെസ്റ്റ് ഹൗസിൽ എത്തിച്ചു. ചെത്താതെ കുലയായിത്തന്നെയാണു കരിക്ക് ഡൽഹിക്കു കൊണ്ടുപോയത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കായുള്ള വ്രതത്തിലായതിനാൽ പ്രധാനമന്ത്രി ഇളനീരും പഴങ്ങളും ഡ്രൈഫ്രൂട്ട്സും മാത്രമാണു കഴിച്ചത്.