ദ കേരള സ്റ്റോറി സംവിധായകനും നടിയും വാഹനാപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. സംവിധായകൻ സുദീപ്തോ സെൻ, നടി ആദാ ശർമ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. എന്നാൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കരിംനഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും പുറപ്പെട്ടത്.
അതേസമയം ‘ദി കേരള സ്റ്റോറിയുടെ റിലീസ് തടയണമെന്ന ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.
സിനിമ പ്രദർശനത്തിന് ഹൈകോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചപ്പോഴാണ് ഹർജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചത്. ഹർജി സുപ്രിംകോടതി മൂന്ന് തവണ പരിഗണിക്കാതെ ഹൈക്കോടതിയിലേക്ക് അയച്ചിരുന്നു. കേരള സ്റ്റോറി നിരോധനവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബംഗാൾ സർക്കാരുകൾക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചിരുന്നു.