മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ. പുതിയ അണക്കെട്ട് നിർമിക്കാനുള്ള പാരിസ്ഥിതിക അനുമതി നേടാനുള്ള കേരളത്തിന്റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കത്തു നൽകിയിരിക്കുകയാണ്. സുപ്രീംകോടതി ഉത്തരവു മറികടന്നുകൊണ്ടാണ് ഈ നീക്കം. പദ്ധതിയുമായി മുന്നോട്ടു പോയാൽ തമിഴ്നാട് കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുമെന്നും കത്തിൽ പറയുന്നു.
പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് കേരളം ആവശ്യപെട്ടിരുന്നു. ഇത് പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി 28നു നടത്താനിരിക്കുന്ന യോഗത്തിൽ പരിഗണനാ വിഷയമായി(ടേംസ് ഓഫ് റഫറൻസ്) ഉൾപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി തമിഴ്നാട് രംഗത്തെത്തിയത്. തമിഴ്നാട് സർക്കാരിന്റെ അനുമതിയില്ലാതെ അണക്കെട്ട് നിർമിക്കാൻ കേരള സർക്കാരിന് അനുമതി നൽകരുതെന്നുള്ള കത്തും തമിഴ്നാട് ഔദ്യോഗികമായി പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കും.