സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് നാലുതെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയാണ് പ്രവചിക്കുന്നത്. ശക്തമായ മഴയിൽ ഇതിനോടകം തന്നെ ദുരിതം അനുഭവിക്കുന്ന തിരുവനന്തപുരം അടക്കം നാലുജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാനിർദേശം നൽകിയത്. അറബിക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന് ( ഞായറാഴ്ച) കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയാണ് പ്രവചിക്കുന്നത്.
കണ്ണൂരും കാസർകോടും മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പ് ഇല്ലാത്തത്. നാളെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത.
അതേസമയം മഴക്കെടുതി വിലയിരുത്താൻ സർക്കാർ അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി, ജി ആർ ഇനിൽ, ആന്റണി രാജു തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.കണ്ണമ്മൂല, അഞ്ചുതെങ്ങ്, പുത്തൻപാലം, കഴക്കൂട്ടം, വെള്ളായണി, പോത്തൻകോട് തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. തുടർന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിരുവനന്തപുരത്ത് താലൂക്ക് അടിസ്ഥാനത്തിൽ കൺട്രോൾ റൂം തുറന്നു
മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസിൽ പ്രവേശിക്കുവാനും കലക്ടർ നിർദേശിച്ചു.താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ്ണ സജ്ജമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങൾക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കൺട്രോൾ റൂമുകളിൽ ബന്ധപ്പെടാവുന്നതാണെന്നും തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.സംസ്ഥാനത്ത് കണ്ണൂരും കാസർകോടും ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.