കേരളം നാളെ വിധിയെഴുതും. ഇന്ന് സ്ഥാനാർത്ഥികൾക്ക് നിശബ്ദ പ്രചാരണം നടത്തും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത്. നാളെ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.
20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.
രണ്ടാം ഘട്ട വിധിയെഴുത്താണ് നാളെ രാജ്യത്ത് നടക്കുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.