10 സെന്റ് നെൽവയൽ നികത്താൻ അനുമതി നൽകി ഹൈക്കോടതി. അനാഥയായ എൺപത്തഞ്ചുകാരിക്ക് സ്വന്തമായൊരു വീട് വെയ്ക്കാനാണ് ഹൈക്കോടതിയുടെ അസാധാരണ നടപടി.
ഭർത്താവും ഏക മകനും മരിച്ചതിനാൽ അനാഥമന്ദിരത്തിലാണ് വയോധിക കഴിയുന്നത്. കൊച്ചി ദ്വീപ് മേഖലയിലാണ് ഇവർക്കു 81 സെന്റ് വയലുള്ളത്. ഈ വസ്തു നെൽവയൽ- നീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതായതിനാൽ റവന്യൂ അധികൃതർ ഭൂമി തരംമാറ്റം അനുവദിച്ചിരുന്നില്ല. ഇവർക്ക് വീടു നിർമിച്ചു നൽകാൻ ചിലർ സന്നദ്ധരായെങ്കിലും നിയമവ്യവസ്ഥകൾ തടസമാകുകയായിരുന്നു. ഇതേത്തുടർന്നാണ് വയോധിക കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ഹൈക്കോടതി വൃദ്ധയ്ക്കൊപ്പം നിന്നത്.
നെൽവയൽ–നീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള ഭൂമിയിൽ 10 സെന്റ് നികത്തി വീടു വയ്ക്കാൻ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണനാണ് അനുമതി നൽകിയത്. വയോധികരുടെ സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുതിർന്നവർ നമുക്കു മുൻപേ നടന്നവരാണ്. അവർ നൽകിയതാണ് നമ്മൾ ജീവിതത്തിൽ അനുഭവിക്കുന്നത്. അതിനാൽ അവരെ ഏറെ ബഹുമാനത്തോടെ കാണണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരി കോടതിയിൽ അഭയം തേടിയെത്തിയതാണെന്നും അവരുടെ ആവശ്യത്തോടു മുഖംതിരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഭൂമി നികത്തുന്നത് മേഖലയിലെ നെൽകൃഷിക്കും പരിസ്ഥിതിക്കും ദോഷകരമാകുമെന്നായിരുന്നു റവന്യു വകുപ്പിന്റെ വാദം. എന്നാൽ ഇത് അസാധാരണ കേസായി കണ്ട് നടപടിയെടുക്കണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.