പ്രവാസി മലയാളികളുടെ വളരെ നാളത്തെ കാത്തിരിപ്പ് സഫലമാകാനൊരുങ്ങുന്നു. കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ് നടത്താൻ താല്പര്യം പ്രകടിപ്പിച്ച് നാല് കമ്പനികളാണ് എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരള മാരിടൈം ബോർഡിൻ്റെ നേതൃത്വത്തിൽ ഗൾഫിലേക്കുള്ള കപ്പൽ യാത്രയുടെ സാധ്യതകൾ പരിശോധിക്കാനുള്ള ആദ്യഘട്ട ചർച്ച നാളെ കൊച്ചിയിൽ നടക്കും. വിവിധ കപ്പൽ കമ്പനികളുമായുള്ള ചർച്ചയും നാളെ നടക്കും.
രാജ്യത്തെ മുൻനിര കപ്പൽ കമ്പനിയായ ജെഎം ബക്സി (JM Baxi), സിത (Sita) ട്രാവൽ കോർപ്പറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്പനി ഇൻ്റർസൈറ്റ് (intersight) ടൂർസ് ആന്റ് ട്രാവൽസ്, തിരുവനന്തപുരത്തുള്ള ഗാങ്വെ (Gangway) ഷിപ്പിങ് ആന്റ് ലോജിസ്റ്റിക്സ് എന്നിവയാണ് കേരളത്തിലെ തുറമുഖങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസ് നടത്താൻ താല്പര്യം അറിയിച്ചിരിക്കുന്നത്. വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളിൽ നിന്ന് ഗൾഫിലേക്ക് സർവീസ് നടത്താൻ താൽപര്യമുള്ള കമ്പനികളിൽ നിന്ന് കേരള മാരിടൈം ബോർഡ് താൽപര്യപത്രം ക്ഷണിച്ചതോടെയാണ് കമ്പനികൾ രംഗത്തെത്തിയത്.
ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ വലുതോ ആയ കപ്പലുകൾ സർവീസ് നടത്താൻ കഴിയുന്ന കമ്പനികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. താല്പര്യവുമായി മുന്നോട്ട് വരുന്ന കമ്പനികളുമായി മാരിടൈം ബോർഡ് വിശദമായ ചർച്ചകൾ നടത്തും. തുടർന്ന് തുറമുഖങ്ങളിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയ ശേഷമേ സർവീസ് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയുള്ളു. ഏപ്രിൽ 22 വരെ അപേക്ഷകൾ നൽകാൻ സമയമുണ്ട്. സീസണിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് ഉയരുന്നതിനാൽ ഗൾഫ്-കേരള കപ്പൽ യാത്ര സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകും.