ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് സഹകരണ ബാങ്കിൽ ജോലി നൽകി. കോഴിക്കോട് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലി നൽകി സഹകരണ വകുപ്പാണ് ഉത്തരവിറക്കിയത്.
വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് കൃഷ്ണപ്രിയക്ക് നിയമനം നൽകിയത്. സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് നിയമത്തിൽ ഇളവുകൾ നൽകിയാണ് സർക്കാർ തീരുമാനം എടുത്തുതെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി.
അർജുനെ കാണാതായി ദിവസങ്ങൾക്കുള്ളിൽ തന്നെ കൃഷ്ണപ്രിയക്ക് ബാങ്ക് അധികൃതർ ജോലി വാഗ്ദാനം ചെയ്തിരുന്നു. കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി നാവികസേനയും മുങ്ങൽ വിദഗ്ധരും ചേർന്ന് നീണ്ടനാൾ തിരച്ചിൽ നടത്തിയെങ്കിലും അർജുനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.