ചരിത്ര വിജയം നേടി തുടര്‍ഭരണം സ്വന്തമാക്കി അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാർഷികമാണ് ഇന്ന്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനാൽ ഇന്ന് നടത്തേണ്ട ആഘോഷം ജൂൺ രണ്ടിലേക്കു മാറ്റി. ജൂൺ 3ന് ആണ് തൃക്കാക്കരയിലെ വോട്ടെണ്ണൽ.
മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ ആദ്യ സര്‍ക്കാരിലെ മറ്റെല്ലാ മന്ത്രിമാരെയും പുതിയതാക്കിയായിരുന്നു ഭരണ തുടക്കം. സര്‍ക്കാരിന് മുന്നിലെ ആദ്യ വെല്ലുവിളി രാജ്യത്തെ ഏറ്റവും ഉയർന്ന കോവിഡ് കണക്കുകൾ കേരളത്തിലാണ് എന്നതായിരുന്നു. സാമ്പത്തിക പ്രതിസന്ധി, വൈദ്യുത പ്രതിസന്ധി, സില്‍വര്‍ലൈന്‍ പ്രതിഷേധങ്ങൾ എന്നിവയും ഉണ്ടായി. ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം വാർഷികത്തിൽ പുറത്തു വിട്ട സന്ദേശത്തിൽ പറഞ്ഞിരിക്കുന്നു. സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. സിൽവർ ലൈൻ പദ്ധതിയുടെ പ്രാരംഭ നടപടികൾക്കുള്ള അനുമതി കേന്ദ്രധനമന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ വച്ചിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദേശീയപാതാവികസനം,മലയോരഹൈവേ, തീരദേശപാത,വയനാട് തുരങ്കപാത, വാട്ടർമെട്രോ, സിറ്റി ഗ്യാസ്, ജലപാതാ വികസനം, ലൈഫ് പദ്ധതി, കൊച്ചി – പാലക്കാട്, കൊച്ചി – മംഗലാപുരം വ്യവസായ ഇടനാഴികൾ, പൊതുമേഖല സ്ഥാപനങ്ങളുടെ നവീകരണം, ഐടി പദ്ധതികൾ, കെഫോൺ, സ്റ്റാർട്ട് അപ്പ് മിഷൻ, ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചും മുഖ്യമന്ത്രി സന്ദേശത്തിൽ സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളിലെ പോലെ തന്നെ സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ടും ഉടൻ പുറത്തിറക്കും.
അടുത്ത കടമ്പ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരണത്തോടുള്ള ജന്നങ്ങളുടെ വിലയിരുത്തൽ കൂടിയാകും ഫലമെന്നതിനാൽ തന്നെ വളരെ കൃത്യതയോടെയുള്ള പ്രചാരണമാണ് നടക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി വിനാശത്തിന്‍റെ
വാർഷികമായി ആചരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് വൈകിട്ട് 4 മുതല്‍ 6 മണി വരെ സായാഹ്ന ധര്‍ണ നടത്തും. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തൃക്കാക്കരയില്‍ നിര്‍വഹിക്കും. കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍ കണ്ണൂരിലും ഉമ്മന്‍ചാണ്ടി തൃശ്ശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പങ്കെടുക്കും.