കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലിസ് ചികിത്സയ്ക്കായി എത്തിച്ച കുറ്റവാളിയുടെ കുത്തേറ്റ് മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി ആരോഗ്യ സർവകലാശാല എംബിബിഎസ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ നിന്നും വന്ദനയുടെ മാതാപിതാക്കൾ ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. അതേസമയം സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങവേ വിതുമ്പികരഞ്ഞ വന്ദനയുടെ അമ്മ വസന്തകുമാരിയെ ഗവര്‍ണര്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചത് വേദിയെ ഒട്ടാകെ വികാര ഭരിതമാക്കി.
എംബിബിഎസ് പഠനത്തിനു ശേഷം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുന്നതിനിടെയാണ് മേയ് 10ന് പുലർച്ചെ വന്ദന കുത്തേറ്റു മരിച്ചത്. കഴിഞ്ഞ ദിവസമാണ് പ്രതി ജി. സന്ദീപിന് തൂക്കുകയർ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ച് സംഘം കുറ്റപത്രം സമർപ്പിച്ചത്. 83 ദിവസം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഒടുവിലാണ് പരമാവധി തെളിവുകൾ ശേഖരിച്ച് കുറ്റപത്രം തയ്യാറാക്കിയത്. പതിനൊന്നു വകുപ്പുകളിലുള്ള കുറ്റങ്ങളാണ് സന്ദീപിന്റെ മേൽ ചുമത്തിയിരിക്കുന്നത്.
കൊലപാതകം (302), കൊലപാതകശ്രമം (307), കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ (506-2), ആയുധം ഉപയോഗിച്ചുള്ള ആക്രമണം (324), അന്യായ തടസ്സം സൃഷ്ടിക്കൽ (341), ആക്രമിച്ച് പരുക്കേൽപിക്കൽ (323), ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ (332),(333), തെളിവു നശിപ്പിക്കൽ (201), പൊതു സേവകരെ ആക്രമിക്കൽ (353) എന്നിവയ്ക്ക് പുറമേ മെഡിക്കൽ സർവീസ് സംരക്ഷണ നിയമത്തിലെ വകുപ്പുകളും പ്രതിയുടെ മേൽ ചുമത്തിയിട്ടുണ്ട്. കൂടാതെ സംഭവ ദിവസം പുലർച്ചെ നാലര മുതൽ അര മണിക്കൂറോളം സന്ദീപ് ആശുപത്രിയിൽ നടത്തിയ ആക്രമണങ്ങളുടെ സിസിടിവി ദൃശ്യങ്ങളാണ് പ്രധാന തെളിവുകളായി റിപ്പോർട്ടിലുള്ളത്.