വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെയും തുടർന്ന് നടന്ന വാഹനാപകടത്തിൽ ഭാവിവരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് കൈത്താങ്ങാകാൻ കേരള സർക്കാർ. ശ്രുതിക്ക് സർക്കാർ ജോലി നൽകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ വെച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണനും അമ്മ സബിതയും അനുജത്തി ശ്രേയയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ശ്രുതിക്ക് നഷ്ടപ്പെട്ടിരുന്നു. ഒറ്റ രാത്രികൊണ്ട് ആരോരുമില്ലാതായ ശ്രുതിക്ക് പിന്നീടുള്ള ആശ്രയം പ്രതിശ്രുത വരൻ ജെൻസൺ മാത്രമായിരുന്നു. ഡിസംബറിൽ ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ വിധി വീണ്ടും ശ്രുതിയെ പരീക്ഷിക്കുകയായിരുന്നു.
സെപ്റ്റംബർ 10ന് ശ്രുതിയും ജെൻസണും അടക്കമുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയും ചികിത്സയിലിരിക്കെ ജെൻസൺ മരണപ്പെടുകയും ചെയ്തു. അപകടത്തിൽ ശ്രുതിയുടെ കാലിനും പരുക്കേറ്റിരുന്നു. ഇപ്പോൾ ബന്ധുവീട്ടിൽ കഴിയുന്ന ശ്രുതിക്ക് വീടൊരുക്കുന്നതിനായി ബോബി ചെമ്മണ്ണൂർ സഹായധനം നൽകിയിട്ടുമുണ്ട്. ഇതിനിടയിലാണ് ശ്രുതിക്ക് മുന്നോട്ടുള്ള ജീവിതത്തിൽ കരുത്താകാൻ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചത്.