കേരളത്തെ നടുക്കിയ ബലാത്സംഗ കേസ് ആണ് പെരുമ്പാവൂരിലെ ജിഷയുടേത്. ജിഷയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി അമീറുൾ ഇസ്ലാംമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയിൽ വിധി തിങ്കളാഴ്ച്ച. കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിയുടെ അപ്പീലിലും ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം നടക്കുക. എന്തായിരിക്കും വിധി എന്നറിയാൻ കേരളമൊട്ടാകെ കാത്തിരിക്കുകയാണ്.
ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തുക. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലായിരുന്നു ജിഷ വധക്കേസിൽ അമീർ ഉൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. നിയമ പ്രകാരം ഹൈക്കോടതി ഈ വധശിക്ഷ ശരിവയ്ക്കേണ്ടതാണ്. അതിന് വേണ്ടിയുള്ള സർക്കാരിന്റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി കാത്തിരിക്കുന്നത്.
നേരത്തേ, പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിശദമായ വാദം കേട്ടിരുന്നു. എന്നാൽ, അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാർ ഉന്നയിക്കുന്ന വാദം. അതേസമയം ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നു എന്നാണ് പ്രതിഭാഗം വാദിച്ചത്. 2016 ഏപ്രിൽ 28 നായിരുന്നു നിയമ വിദ്യാർത്ഥിനിയായ ജിഷയെ പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് അമീർ ഉൾ ഇസ്ലാം അതിക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയത്.