നിയമസഭയിൽ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച കേരള ബജറ്റ് 2023-24ൽ പ്രവാസികള്‍ക്കായി വന്‍പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശത്തുനിന്ന് മടങ്ങിയെത്തുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന നോര്‍ക്ക അസിസ്റ്റൻ്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്‌മെൻ്റ് പദ്ധതിയിലൂടെ ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും. ഒരു വര്‍ഷം ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പദ്ധതി. ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.
മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് ജീവിക്കാൻ ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാനും സര്‍ക്കാര്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. വിവിധ പദ്ധതികളില്‍ 84.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതിക്കായി 25 കോടി രൂപ വകയിരുത്തി. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ആകെ 50 കോടി രൂപ വകയിരുത്തി. വരുമാനം കുറഞ്ഞ പ്രവാസികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ വഴി നല്‍കും. മടങ്ങിവന്ന പ്രവാസികള്‍ക്കും മരിച്ച പ്രവാസികളുടെ ആശ്രിതര്‍ക്കും സമയബന്ധിതമായി ധനസഹായം നല്‍കുന്ന സാന്ത്വന പദ്ധതിക്ക് 33 കോടി രൂപ വകയിരുത്തി.
കേരള നോൺ റസിഡൻ്റ് കേരളൈറ്റ്‌സ് ഫണ്ട് ബോര്‍ഡ് മുഖേന ക്ഷേമപദ്ധതികള്‍ക്കായി 15 കോടി രൂപ വകയിരുത്തി. എയര്‍പോര്‍ട്ടുകളില്‍ നോര്‍ക്ക എമര്‍ജന്‍സി ആംബുലന്‍സുകള്‍ക്ക് 60 ലക്ഷം രൂപ മാറ്റി. മുൻവർഷത്തെ ലോകകേരള സഭയുടെ പ്രായോഗികമായ നിര്‍ദേശങ്ങള്‍ നടപ്പാക്കാനും ലോകകേരളസഭയില്‍ പ്രവര്‍ത്തനത്തിനും 2.5 കോടി രൂപ വകയിരുത്തി. നോര്‍ക്ക വകുപ്പിനായി മാവേലിക്കരയിലുള്ള അഞ്ചേക്കര്‍ ഭൂമിയില്‍ ലോകകേരള കേന്ദ്രം സ്ഥാപിക്കാൻ ഒരു കോടി രൂപ മാറ്റിവച്ചു. ഐഇഎല്‍ടിഎസ്, ഒഇടി പരീക്ഷകളുടെ പരിശീലനത്തിനുള്ള സാമ്പത്തിക സഹായമായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്ന നോര്‍ക്ക പദ്ധതിക്കായി രണ്ട് കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു.
പ്രവാസികൾക്ക് ആശ്വാസമായി വിമാനയാത്രാ ചെലവ് കുറക്കാനുള്ള ഇടപെടലുണ്ടാകുമെന്ന് ധനമന്ത്രി അറിയിച്ചു. ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കാൻ പദ്ധതിയിട്ടതായി ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ ഫണ്ട് അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു. വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങുമെന്നും ധനമന്ത്രി ബജറ്റിൽ അറിയിച്ചു.