ഇന്ത്യയിൽ പുതിയ കറൻസി നോട്ടുകളിൽ ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത് ചേർക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ആവശ്യപ്പെട്ടു. ഇന്നലെ ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രിയോട് അരവിന്ദ് കേജ്‍രിവാളിൻ്റെ അഭ്യർഥന. നോട്ടുകളുടെ ഒരുവശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് ലക്ഷ്മീദേവിയുടെയും ഗണപതിയുടെയും ചിത്രവും ഉൾപ്പെടുത്തുന്നത് രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് കേജ്‍രിവാൾ അഭിപ്രായപ്പെട്ടു.
രാജ്യത്തിൻ്റെ സാമ്പത്തിക നില മെച്ചപ്പെടാൻ ഈശ്വരാനുഗ്രഹം ഉണ്ടായേ മതിയാകൂ. മുസ്‌ലിം രാജ്യമായ ഇന്തൊനേഷ്യ കറൻസി നോട്ടിൽ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യയെ പോലൊരു രാജ്യത്തിന് എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടായെന്ന് കേജ്‍രിവാൾ ചോദിച്ചു.
ഈ ആവശ്യവുമായി ഉടൻ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുമെന്നും കേജ്‍രിവാൾ അറിയിച്ചു. കറൻസിയിൽനിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കുമെന്നും രവീന്ദ്രനാഥ് ടഗോറിൻ്റെയും എ.പി.ജെ. അബ്ദുൾ കലാമിൻ്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്നുമുള്ള റിപ്പോർട്ടുകൾ മുൻപ് വ്യാപകമായി പ്രചരിച്ചിരുന്നെങ്കിലും ഈ പ്രചരണത്തെ ആർബിഐയും കേന്ദ്രസർക്കാരും തള്ളിയിരുന്നു.