കർണാടക കൊപ്പൽ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകർന്നു. 19-മത്തെ ഷട്ടറിൻ്റെ ചങ്ങലയാണ് ഇന്നലെ രാത്രിയോടെ പൊട്ടിയത്. തുടർന്ന് ഡാം തകരുന്നത് ഒഴിവാക്കാൻ ആകെയുള്ള 35 ഗേറ്റുകളും തുറന്നു. ഇതോടെ ഡാമിൽ നിന്ന് വൻതോതിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.
ഒരു ലക്ഷത്തോളം ക്യൂസക്‌സ് വെള്ളം ഇതിനോടകം ഒഴുക്കിവിട്ടതായാണ് വിവരം. ഈ സാഹചര്യത്തിൽ കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ 70 വർഷത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു അപകടം അണക്കെട്ടിൽ സംഭവിക്കുന്നത്. ഗേറ്റിലെ ചെങ്കല്ലുകൾ പൊട്ടുകയായിരുന്നു. ഡാമിൽ നിന്ന് 60,000 മില്യൺ ക്യൂബിക് ഫീറ്റ് വെള്ളം പുറത്തേക്ക് ഒഴുക്കി വിട്ടാൽ മാത്രമേ അറ്റകുറ്റപ്പണികൾ സാധ്യമാകൂ എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമ്മിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്. 1953-ലാണ് ഡാം കമ്മിഷൻ ചെയ്തത്. ആന്ധ്ര, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ ആശ്രയിക്കുന്നത് ഡാമിലെ വെള്ളത്തെയാണ്.