റൺവേ റീകാർപറ്റിങ് പ്രവൃത്തിയുടെ ഭാഗമായി കരിപ്പൂർ വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നിയന്ത്രണം. ജനുവരി 15 ഞായറാഴ്ച മുതല്‍ ആറ് മാസത്തേക്ക് പകല്‍ സമയങ്ങളില്‍ റണ്‍വെ അടച്ചിടും. ഇതോടെ വിമാന സർവീസുകൾ പുനഃക്രമീകരിച്ചു. രാവിലെ പത്തുമണി മുതൽ വൈകീട്ട് ആറുമണി വരെ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
റണ്‍വേ നവീകരണം പ്രധാനമായും ആഭ്യന്തര സര്‍വീസുകളെയാണ് ബാധിക്കുക. അന്താരാഷ്ട്ര സര്‍വീസുകള്‍ പുലര്‍ച്ചെയും വൈകീട്ടുമാണ്. പകല്‍ സമയത്തെ ഡല്‍ഹി -മുംബൈ സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയമാറ്റം സംബന്ധിച്ച വിവരങ്ങൾ ആരായണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.
ഓരോ ആഭ്യന്തര – അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് നിലവിൽ പകല്‍ സമയത്തുളളത്. ബാക്കിയുളള സർവീസുകളെല്ലാം കഴിഞ്ഞ ശീതകാല ഷെഡ്യൂൾ കാലത്ത് പുനഃക്രമീകരിച്ചിരുന്നു. ആഴ്ചയിൽ ആറ് ദിവസം സര്‍വ്വീസുളള എയർ ഇന്ത്യ ഡൽഹി വിമാനത്തിന്റെ സമയം മാറ്റി. സലാം എയറിന്റെ സലാല സർവീസിലും സമയമാറ്റമുണ്ട്.
റൺവേ ബലപ്പെടുത്തുന്നതിനൊപ്പം റൺവേ സെൻറർ ലൈറ്റിങ് സംവിധാനവും തയ്യാറാക്കും. 11 മാസത്തിനകം മുഴുവന്‍ നവീകരണ പ്രവൃത്തികളും പൂർത്തീകരിക്കണമെന്നാണ് നിര്‍ദ്ദേശം. ഡൽഹി ആസ്ഥാനമായ കമ്പനിയാണ് 56 കോടി രൂപക്ക് നവീകരണത്തിന് കരാർ ഏറ്റെടുത്തിരിക്കുന്നത്. 2015ലാണ് മുമ്പ് നേരത്തെ റണ്‍വേ നവീകരണം നടന്നത്.