കരിപ്പൂർ വിമാനാപകടത്തിന് രണ്ട് വർഷം തികയാനിരിക്കെ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാർക്ക് ആദരവുമായി വിമാനത്തിലെ യാത്രക്കാർ. 2020 ഓഗസ്റ്റ് ഏഴിനാണ് ദുബായിൽ നിന്നും വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് 1344 എന്ന വിമാനം അപകടത്തിൽ പെട്ടത്.
കോവിഡും മഹാമാരിയും നിലനിന്നിരുന്ന സമയത്ത് പ്രവാസികളുമായി കേരളത്തിലേക്ക് എത്തിയ വിമാനം ശക്തമായ മഴയിൽ ലാൻഡ് ചെയ്യുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നു. തൽക്ഷണം തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും പുറത്തെടുക്കുകയും ശേഷം ആശുപത്രികളിൽ എത്തിക്കുകയും ചെയ്തതിന് ശേഷമാണ് അവർ മടങ്ങിയത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമുൾപ്പെടെ 190 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പൈലറ്റുമാരും കുട്ടികളുമടക്കം 9 പേർ മരണപ്പെടുകയും ചെയ്തിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ നാട്ടുകാർക്ക് 50 ലക്ഷം രൂപയോളം മുടക്കി സമീപത്തെ ചിറയിൽ പ്രാഥമികരോഗ്യകേന്ദ്രത്തിൽ സൗകര്യങ്ങളോട് കൂടിയ കെട്ടിടമാണ് നിർമിച്ചു നൽകുന്നത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ബന്ധുക്കളും ചേർന്നാണ് കെട്ടിടം നിർമിച്ചു നൽകുന്നത്. കോവിഡ് കാരണം ആരും പുറത്തിറങ്ങാത്ത സാഹചര്യത്തിൽ എല്ലാം മറന്ന് സന്നദ്ധ സേവനം നടത്തിയ നാട്ടുകാർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഏറെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.
അപകടം സംഭവിച്ച സ്ഥലത്തിന് സമീപം ഓഗസ്റ്റ് ഏഴിന് നടക്കുന്ന ചടങ്ങിൽ ആയിരിക്കും ധാരണാ പത്രം കൈമാറുക എന്ന് എംഡിഎഫ് കരിപ്പൂർ ഫ്ലൈറ്റ് ക്രാഷ് ആക്ഷൻ കൗൺസിൽ ലീഗൽ കൺവീനർ സജ്ജാദ് ഹുസൈൻ അറിയിച്ചു. മന്ത്രി വി. അബ്ദുറഹിമാൻ, ഇബ്രാഹിം എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.