സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പിങ് നടപടികൾ പ്രവാസികൾക്ക് പ്രയാസം ഉണ്ടാക്കുന്നു എന്ന് കാണിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാര്‍ സൗദി പ്രാധാനമന്ത്രിയ്ക്ക് കത്തെഴുതി. ഇന്ത്യയിലെ സൗദി അംബാസിഡര്‍ മുഖേന സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കത്ത് അയച്ചത്.
ഫാമിലി, സ്റ്റുഡന്റസ്, ബിസിനസ്, വിസിറ്റിങ് അടക്കമുള്ള വിവിധ വിസകളുടെ സ്റ്റാമ്പിങ് നടപടികൾ വിഎഫ്എസ് കേന്ദ്രങ്ങള്‍ വഴി മാത്രമേ പൂർർത്തിയാക്കാവൂ എന്ന നിബന്ധന പ്രവാസികള്‍ക്കും ബന്ധപെട്ടവര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട് എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ വിസ സ്റ്റാമ്പിങില്‍ പ്രവാസി സൗഹൃദപരമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും വിഎഫ്എസ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് സൗദിയിലേക്കുള്ള വിസ നടപടികളില്‍ മാറ്റം വരുത്തിയത്. ഇതുവരെ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ചെയ്തിരുന്ന സ്റ്റാമ്പിങ് നടപടിക്രമങ്ങള്‍ വിഎഫ്എസ് കേന്ദ്രങ്ങളിലൂടെ മാത്രമാക്കി മാറ്റിയത് പ്രവാസികൾക്ക് തിരിച്ചടിയായി. തൊഴില്‍ വിസയ്ക്കും ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ ഹജ്ജ് തീര്‍ത്ഥാടനം കഴിയും വരെ ഇതിൽ ഇളവ് നൽകും. വിസ സ്റ്റാമ്പ് ചെയ്യുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് അടക്കുമുള്ള സേവനങ്ങള്‍ വിഎഫ്എസ് വഴിയാണ് ഇനി ചെയ്യേണ്ടത്.
ഇന്ത്യയില്‍ ആകെ ഒന്‍പത് വിഎസ് എഫ് കേന്ദ്രങ്ങളാണ് ഉള്ളത്. അതിൽ ഒന്ന് കേരളത്തിലെ കൊച്ചിയിലാണ്. അപ്പോയിന്‍മെന്റ് എടുത്തതിന് ശേഷം രേഖകള്‍ ഹാജരാക്കുകയും ബയോമെട്രിക് അടക്കമുള്ള നടപടി ക്രമങ്ങള്‍ പാലിക്കുകയും ചെയ്തെങ്കിൽ മാത്രമേ ഈ സെന്ററുകള്‍ മുഖേന വിസ സ്റ്റാമ്പിങ് സാധ്യമാവുകയുള്ളു. എന്നാൽ പ്രവാസികള്‍ ധാരാളമുള്ള കേരളത്തിലെ ഏക വിഎഫ്എസ് സെന്ററിന് ഉള്‍ക്കൊള്ളാനാവാത്ത വിധമാണ് അപേക്ഷകരുടെ എണ്ണം. ഇത് അപ്പോയിന്മെന്റ് ലഭിക്കാന്‍ കാലതാമസം ഉണ്ടാക്കുന്നുണ്ട്.
കൂടാതെ ഇന്റര്‍നെറ്റ് സംവിധാനങ്ങളുടെ വേഗതക്കുറവും ജീവനക്കാരുടെ കുറവും അപ്പോയിന്മെന്റ് ലഭിച്ചവരുടെ സ്റ്റാമ്പിങ് പോലും പൂര്‍ത്തിയാകാത്ത സ്ഥിതിയുമാണ് ഉള്ളത്. സ്റ്റാമ്പിങ് നടപടികള്‍ക്കായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ കൊച്ചിയെ ആശ്രയിക്കേണ്ടി വരുന്നത് കേരളത്തിലെ ഗതാഗത സംവിധാനത്തിലും പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ കൊച്ചിക്ക് പുറമെ പ്രവാസികള്‍ ഏറെയുള്ള മലബാറിലും വിഎഫ്എസ് സെന്റര്‍ ആരംഭിക്കണമെന്നും കാന്തപുരം അബൂബക്കർ മുസ്ലിയാർ കത്തിലൂടെ ആവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്ന വിധത്തിൽ ഓണ്‍ലൈന്‍ നടപടികള്‍ സുഗമമാക്കണമെന്നും അദ്ദേഹം കത്തില്‍ കൂട്ടിച്ചേർത്തു.