പ്രവാസ ജീവിതത്തിന് തണലേകാൻ മൂന്ന് ദിവസം മുമ്പ് കുടുംബം ഷാർജയിലെത്തി. എന്നാൽ എല്ലാവരെയും കണ്ണീരിലാഴ്ത്തി പ്രവാസി വിടവാങ്ങി. കണ്ണൂർ കൂത്തുപറമ്പ് മുത്തിങ്ങ സ്വദേശി ഞാലിക്കൽ ഷുക്കൂർ (46) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് ഷുക്കൂറിന്റെ ഭാര്യ സലീനയും മക്കളായ റബിൻ ജാസ്, ഹവ്വ, മാഷിത എന്നിവർ യുഎഇയിൽ എത്തിയത്. നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആസ്വദിക്കുന്നതിനിടെയായിരുന്നു ഷുക്കൂറിന്റെ അപ്രതീക്ഷിത വിയോഗം. ഷുക്കൂറിന്റെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കുടുംബവും സുഹൃത്തുക്കളും.
റോളയിൽ പർദ ഷോപ്പ് നടത്തിവരികയായിരുന്നു ഷുക്കൂർ. പരേതനായ കുട്ടിയാത്തയുടെയും കുഞ്ഞാമിനയുടെയും മകനാണ്. മഹമൂദ്, കരീം, മുസ്തഫ, യൂസഫ്, സുബൈർ, നഫീസ എന്നിവരാണ് സഹോദരങ്ങൾ. കബറടക്കം പിന്നീട് നാട്ടിൽ നടക്കും.