ഖത്തറിലെ ജല, വൈദ്യുതി വിതരണ സ്ഥാപനമായ ‘കഹ്റമാ’യുടെ സേവനങ്ങളിൽ ഉപഭോക്താക്കൾ തൃപ്തരാണോ എന്നറിയുന്നതിനുള്ള സർവേയ്ക്ക് തുടക്കമായി. സേവനങ്ങളെക്കുറിച്ചും ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചുമുള്ള കാര്യങ്ങളിലും ഉപഭോക്താക്കൾക്ക് അഭിപ്രായങ്ങൾ പങ്കുവെക്കാനുള്ള അവസരമാണ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമാ) ഒരുക്കിയിരിക്കുന്നത്. കൂടാതെ സേവനങ്ങളുടെ ഗുണനിലവാരം അളക്കുന്നതിനായി ആരംഭിച്ച സമഗ്ര ഉപഭോക്തൃ സർവേ ജൂണിൽ ആരംഭിച്ച് ഈ വർഷം ഒക്ടോബർ വരെ നീളുമെന്നും കഹ്റമാ അറിയിച്ചു. ഏറ്റവും ഉയർന്ന സേവന നിലവാരം കൈവരിക്കുന്നതിനും ഉപഭോക്താക്കളുടെ സംതൃപ്തി നിലനിർത്താനുമുള്ള കോർപറേഷന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ സർവേ ആരംഭിച്ചിരിക്കുന്നതെന്നും കഹ്റമാ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര പ്രശസ്ത ഏജൻസിയായ നീൽസൺ കൺസൾട്ടൻസിയുമായി സഹകരിച്ചാണ് കഹ്റമാ സർവേ നടത്തുന്നത്.
അതേസമയം ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികളുടെ ഭാഗം കൂടിയാണ് സർവേയിലൂടെ ഉദ്ദേശിക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് വിലപ്പെട്ട അഭിപ്രായങ്ങളും സേവനങ്ങൾ സംബന്ധിച്ച നിർദേശങ്ങളും സ്വീകരിക്കാൻ കഹ്റമാ ലക്ഷ്യമിടുന്നു. ഏറെ പ്രാധാന്യത്തോടെയാണ് സർവേയെ കാണുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ കഹ്റമാ നൽകുന്ന സേവനങ്ങളിൽ ഉപഭോക്താക്കളുടെ ആത്മവിശ്വാസം അളക്കാനും കാര്യക്ഷമമായ വർക്ക്ഫ്ലോ ഉറപ്പാക്കാനും ജീവനക്കാരെ പ്രാപ്തരാക്കുന്ന വിജ്ഞാനപ്രദമായ ഉപകരണമാണ് സർവേയെന്നും അധികൃതർ കൂട്ടിച്ചേർത്തു.
കമേഴ്സ്യൽ, റെസിഡൻഷ്യൽ, ബൾക്ക്/ഇൻഡസ്ട്രിയൽ ഉപഭോക്താക്കൾ, കോർപറേറ്റ് എന്നിവയുൾപ്പെടെ എല്ലാ ഉപഭോകൃത വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് സർവേ നടത്തുക. അതേസമയം കോർപറേഷന്റെ തന്ത്രങ്ങൾക്കും പ്രോജക്ടുകൾക്കും മാർഗനിർദേശം നൽകുന്നതിനുള്ള അടിസ്ഥാനമായി ഉപഭോകൃത സർവേ മാറുമെന്ന് പ്ലാനിങ് ആൻഡ് ക്വാളിറ്റി വിഭാഗം മാനേജർ യൂസുഫ് അൽ ജെയ്ദ അറിയിച്ചു. കൂടാതെ കഹ്റമായുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, കാൾ സെന്റർ, മൊബൈൽ ആപ്, സേവനങ്ങൾ നൽകുന്ന മറ്റു ഡെലിവറി മാർഗങ്ങൾ എന്നിവയെല്ലാം സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.