വ്യാജരേഖ കെട്ടിച്ചമച്ച കേസിൽ അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റിമാൻഡിലുള്ള കെ വിദ്യയെ അഗളി ഡിവൈഎസ്പി ഓഫീസിൽ പോലീസ് ചോദ്യം ചെയ്തുവരികയായിരുന്നു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ വിദ്യയെ പോലീസുകാർ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് സൂപ്രണ്ട് നേരിട്ട് സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് വിദ്യയെ മാറ്റിയത്. വിദ്യയ്ക്ക് നിർജലീകരണമാണെന്നും ആരോഗ്യസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. കൂടാതെ വിദ്യ ആശുപത്രിയിൽ തുടരുമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പൊലീസ് വിദ്യയെ പിടികൂടിയത്. ഇന്നലെ കോടതി വിദ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. നാളെ വിദ്യയെ കോടതിയിൽ ഹാജരാക്കണം.
കാലടി സംസ്കൃത സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. അതേസമയം പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കുന്നതിന് വേണ്ടി എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു വിദ്യയ്ക്ക് മേലുള്ള കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലായിരുന്നു പൊലീസ് കേസ് എടുത്തത്. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജ രേഖ ഉണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ വ്യാജ രേഖ ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണ് കേസിലുള്ളത്.