വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ 15 ദിവസമായി ഒളിവിൽ കഴിയുന്ന എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മേപ്പയൂരിൽ നിന്നാണ് വിദ്യയെ അഗളി പോലീസ് കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവണ്‍മെന്റ് കോളേജിൽ ഗസ്റ്റ് അധ്യാപികയായി ജോലി നേടുന്നതിന് വേണ്ടി എറണാകുളം മഹാരാജാസ് കോളേജിന്‍റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനാണ് അഗളി പോലീസ് വിദ്യയ്ക്കെതിരേ കേസെടുത്തത്. രണ്ടാഴ്ച്ചത്തോളമായി വിദ്യ ഒളിവിൽ കഴിയുകയായിരുന്നു.
അതേസമയം കേസെടുത്ത് ആഴ്ചകൾ പിന്നിട്ടിട്ടും വിദ്യയെ പോലീസ് അറസ്റ്റ് ചെയ്യാത്തതിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്. ഇതിന് പിന്നാലെ ബുധനാഴ്ച തൃക്കരിപ്പൂരിലെ വിദ്യയുടെ വീട് കേന്ദ്രീകരിച്ചും മേപ്പയൂർ, വടകര ഭാഗങ്ങളിലുമായി വ്യാപകമായ തിരച്ചിൽ അഗളി പോലീസ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ മേപ്പയൂരിലുള്ള ആരുടെ വീട്ടിൽ നിന്നാണ് വിദ്യയെ കണ്ടെത്തിയത് എന്ന കാര്യം വ്യക്തമല്ല. കസ്റ്റഡിയിൽ എടുത്ത വിദ്യയെ അഗളി സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അറസ്റ്റ് അടക്കമുള്ള നടപടികൾ വ്യാഴാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യ. സംശയ നിവാരണത്തിനായി അട്ടപ്പാടി കോളജ് അധികൃതർ ബന്ധപ്പെട്ടതിനെ തുടർന്ന് മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്. പിന്നീട് പാലക്കാട് അഗളി പൊലീസിന് കേസ് കൈമാറി. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജ രേഖ ഉണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ വ്യാജ രേഖ ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണ് കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.