മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരത്ത് നിന്ന് കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. സമീപത്തുള്ള ഓടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് ഡി.സി.പി നിതിൻ രാജ് പറഞ്ഞു. കുട്ടിയെ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു മാറ്റിയിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകളായാണ് പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ചതിന് ശേഷം പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. രണ്ടു വയസ്സുകാരി മേരിയുടെ സഹോദരന്റെ മൊഴിയെ അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സഹോദരന് കണ്ടെന്നു പറയുന്ന മഞ്ഞ സ്കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല. എന്തായാലും കുട്ടിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളജനത.