പ്രവാസികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. പ്രവാസികൾക്ക് 5 ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു മാസത്തെ അവധിക്കായി നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്‌റ്റ് തീയതി കിട്ടാൻ പ്രയാസം അനുഭവപ്പെടുന്നത് സാധാരണയാണ്. പലർക്കും അപേക്ഷ സമർപ്പിച്ച് ഒന്നോ രണ്ടോ മാസം കഴിഞ്ഞുള്ള ടെസ്‌റ്റ് തീയതിയാണ് ലഭിക്കുന്നത്. അതിനാൽ ടെസ്റ്റ് എടുക്കാൻ സാധിക്കാതെ നിരവധി പേർ പ്രവാസ ലോകത്തേയ്ക്ക് മടങ്ങാറുമുണ്ട്. ഇത്തരത്തിൽ ഇതുവരെ ലൈസൻസ് കിട്ടാത്ത നിരവധി പ്രവാസികളുമുണ്ട്. ഈ സാഹചര്യത്തിൽ പ്രവാസികൾ നൽകിയ നിവേദനത്തിലാണ് മന്ത്രി അനുകൂല തീരുമാനമെടുത്തത്.
ജിസിസി രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസ് ഉള്ള പലർക്കും കേരളത്തിൽ ലൈസൻസെടുക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ഒന്നുകിൽ ജിസിസി രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസിന് നാട്ടിൽ അംഗീകാരം നൽകുക, അല്ലെങ്കിൽ പ്രവാസികൾക്ക് എക്‌സ്പ്രസ് ടെസ്‌റ്റ് സംവിധാനം നടപ്പിലാക്കുക എന്നതായിരുന്നു പ്രവാസികളുടെ ആവശ്യം. ഇതിലാണ് മന്ത്രി നടപടി സ്വീകരിച്ചത്.