ഖത്തറിലെ പ്രവാസി വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ജുസൂർ. പ്രവാസി വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനൊപ്പം പാർട്ട് ടൈം ജോലി ചെയ്യാനും ബിരുദധാരികൾക്ക് റസിഡന്റ് പെർമിറ്റ് നീട്ടാനും അവസരമൊരുക്കിയിരിക്കുകയാണ് ഖത്തർ മാൻപവർ സൊലൂഷൻസ് കമ്പനി (ജുസൂർ). വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ചാണ് കമ്പനി പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സർവകലാശാല അല്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് അടുത്തിടെ ബിരുദമെടുത്തവരും സർവകലാശാലയുടേയോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ സ്പോൺസർഷിപ്പോടെ ഖത്തറിൽ നിയമപരമായി താമസിക്കുന്നവരും 18 വയസിനും 28 വയസിനും ഇടയിലുമുള്ള പ്രവാസി വിദ്യാർത്ഥികൾക്ക് മാത്രമാണ് ജുസൂർ വഴി പാർട് ടൈം ആയി ജോലി ചെയ്യാൻ സാധിക്കുക.
https://www.jusour.qa/programs എന്ന ജുസൂർ വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് ജോലി കണ്ടെത്താൻ സാധിക്കും.
വിവിധ കമ്പനികൾക്ക് ഇതിനായി തൊഴിൽ അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധപ്പെടുത്താൻ കഴിയുമെന്ന് ജുസൂർ ഓപ്പറേഷൻസ് ഇൻസ്റ്റിറ്റ്യൂഷണൽ സപ്പോർട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ഇബ്രാഹിം അബ്ദുല്ല അൽ മുല്ല പറഞ്ഞു. ജുസൂർ പോർട്ടലിലൂടെ തന്നെ ബിരുദധാരികൾക്ക് വീസ നീട്ടാനും അപേക്ഷ നൽകാൻ സാധിക്കും. തൊഴിൽ മന്ത്രി ഡോ.അലി ബിൻ സമൈക് അൽമാരിയാണ് ജുസൂറിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ.