ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണമായി മാറുന്നു. രണ്ട് ഹോട്ടലുകൾ കൂടി ചെരിഞ്ഞിട്ടുണ്ട്. ഹോട്ടൽ സ്നോ ക്രസ്റ്റ്, ഹോട്ടൽ കാമത്ത് എന്നിവയാണ് ചെരിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് നൽകും. ദുരന്ത കാരണങ്ങൾ കണ്ടെത്താൻ ജിയോ ഫിസിക്കൽ, ജിയോ ടെക്നിക്കൽ സർവ്വേകൾ ആരംഭിച്ചു.
ജോഷിമഠിലെ പ്രതിഷേധക്കാരുമായി ജില്ലാ കളക്ടർ ഇന്ന് കൂടിക്കാഴ്ച നടത്തും.
ഉത്തരാഖണ്ഡിൻ്റെ അയൽ സംസ്ഥാനങ്ങളും പ്രതിസന്ധിയിലാണ്. ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴ്ന്നതായി കണ്ടെത്തിയിട്ടുണ്ട്. മണ്ഡി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ വീടുകളിലാണ് വിള്ളൽ കണ്ടെത്തിയത്. 32 വീടുകളും 3 ക്ഷേത്രങ്ങളുമാണ് വിണ്ടുപോയത്. സെറാജ് താഴ്‌വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് പ്രതിസന്ധിയുള്ളത്. അടിയന്തര നടപടിയെടുക്കാൻ പ്രദേശവാസികൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.