ജനസംഖ്യ ഉയരുന്നതിന് ആനുപാതികമായി യുഎഇയിൽ തൊഴിൽ അപേക്ഷകരുടെ എണ്ണം ഉയരുന്നതായി ഏജൻസികൾ. ഇന്ത്യയിൽനിന്ന് മാത്രമല്ല യുകെ,കാനഡ, യുഎസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുപോലും തൊഴിൽ അപേക്ഷകരുടെ എണ്ണം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ.
മാതൃരാജ്യത്ത് തൊഴിൽ പ്രതീക്ഷയില്ലാത്ത ബിരുദധാരികളാണ് അപേക്ഷകളിൽ 50 ശതമാനവുമെന്ന് യുഎഇയിലെ റിക്രൂട്ട്മെൻ്റ് ഗത്തെ വിദഗ്ദ്ധർ പറയുന്നു., രണ്ടോ അഞ്ചോ വർഷത്തെ പരിചയമുള്ളവർ ഏകദേശം 25 ശതമാനവും അഞ്ച് വർഷത്തിൽ കൂടുതലുള്ള 25 അപേക്ഷകരുമുണ്ട്.
അവസരങ്ങളുടെ അഭാവത്തിന് പുറമെ വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹവും സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിദേശത്ത് ജോലിചെയ്യുന്നതും യുഎഇ നഗരങ്ങളുടെ തൊഴിൽ ഡിമാൻ്റ് വർദ്ധിപ്പിക്കുന്നതാണ്. ദുബായ് എന്ന ആധുനിക നഗരത്തിൽ ജീവിക്കാനും കരിയർ വിപുലപ്പെടുത്താനും ആഗ്രഹിക്കുന്നവരുടെ എണ്ണവും ചെറുതല്ല.
അതേസമയം എമിറേറ്റൈസേഷൻ നടപടികൾ ശക്തമാക്കിയതാണ് യുഎഇയിലെ തൊഴിൽ മേഖലയിലെ പ്രകടമായ മാറ്റം. സ്വകാര്യ കമ്പനികളിലും ആരോഗ്യരംഗത്തും സ്വദേശി പൌരൻമാരെ കൂടുതലായി നിയമിക്കാനുളള പദ്ധതികളാണ് യുഎഇ തയ്യാറാക്കിയിട്ടുളളത്. എങ്കിലും നിക്ഷേപ രാജ്യമെന്ന നിലയിൽ വിവിധ രാജ്യങ്ങളിലെ വിദഗ്ദ്ധർക്കും അഭ്യസ്തവിദ്യർക്കും നിരവധി തൊഴിലവസരങ്ങളാണ് ഉളളത്.
ജനസംഖ്യാ ഡേറ്റകൾ അനുസരിച്ച് കഴിഞ്ഞ ജൂണിൽ ദുബായ് എമിറേറ്റിലെ ജനസംഖ്യ 3.6 ദശലക്ഷമായി ഉയർന്നെന്നാണ് കണക്ക. 12 മാസത്തിനുള്ളിൽ 90,000 ആളുകളാണ് രാജ്യത്തേക്ക് അധികമായി എത്തിയത്. അതുകൊണ്ടുതന്നെ തൊഴിൽ അപേക്ഷകരുടെ എണ്ണവും ഉയരുകയാണ്.