ജാർഖണ്ഡ് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായിരുന്നു സുഭാഷ് മുണ്ടയെ ഒഫീസിൽ കയറി വെടിവെച്ചുകൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. മൃതദേഹവുമായി ദലദല്ലിയിലെ പ്രധാന റോഡിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധവുമായെത്തി. കൊലയാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച റാഞ്ചിയിൽ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ബുധനാഴ്ച രാത്രിഎട്ട് മണിയോടെയാണ് സംഭവം. ദലദല്ലിയിലെ ഓഫീസിൽ കയറിയാണ് അക്രമികൾ സംഭാഷ് മുണ്ടയെ കൊലപ്പെടുത്തുകയായിരുന്നു. ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവായ മുണ്ടയ്ക്ക് ജനപ്രീതി വർദ്ധിക്കുന്നതിലുളള അലോസരമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രാദേശിക മാഫിയകളും രാഷ്ട്രീയ എതിരാളികളുമാണ് കൊലയ്ക്ക് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് റാഞ്ചി എസ്എസ്പി കിഷോർ കൗശൽ പറഞ്ഞു. 2014, 2019 നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2022ലെ ഉപതെരഞ്ഞെടുപ്പിലും സിപിഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച സുഭാഷ് മുണ്ട ജനപ്രീതി തെളിയിക്കുകയും ദേശീയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.